ന്യൂഡൽഹി> അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ അതിശക്തമായ പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് ലാലുപ്രസാദ് യാദവും. ഡൽഹിയിലെ സോണിയയുടെ വസതിയിലെത്തിയാണ് ഞായർ വൈകിട്ട് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
ബിഹാർ മാതൃകയിൽ ദേശീയതലത്തിലും മഹാസഖ്യം വേണമെന്ന് ആവശ്യപ്പെട്ടതായി ലാലു മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. അതേസമയം, പ്രതിപക്ഷ ഐക്യ ചർച്ചകൾ പുതിയ കോൺഗ്രസ് അധ്യക്ഷന്റെ നേതൃത്വത്തിലായിരിക്കുമെന്ന് സോണിയ ഗാന്ധി സൂചിപ്പിച്ചു. വീണ്ടും ചർച്ച നടത്താമെന്നും സോണിയ നിർദേശിച്ചതായി നിതീഷ് കുമാറും വ്യക്തമാക്കി.