ബംഗളൂരു> ഘോഷയാത്രയ്ക്കിടെ ദളിത് ബാലൻ വിഗ്രഹത്തിന്റെ തൂണിൽ തൊട്ടതിന് കുടുംബത്തിന് 60,000 രൂപ പിഴയിട്ട് ഗ്രാമവാസികൾ. കർണാടകയിലെ കോലാർ ജില്ലയിലെ മാലൂർ താലൂക്കിലെ ഉള്ളേരഹള്ളിയിലാണ് സംഭവം. കഴിഞ്ഞ എട്ടിന് ഗ്രാമത്തിൽ ഭൂതയമ്മ മേള സംഘടിപ്പിച്ചിരുന്നു. ദളിതുകൾക്ക് പ്രവേശനം നിഷേധിച്ചായിരുന്നു മേള.
മേളയുടെ ഘോഷയാത്രയ്ക്കിടെ ദളിത് കുടുംബത്തിൽപ്പെട്ട പതിനഞ്ചുകാരൻ ഗ്രാമദൈവമായ സിദിരണ്ണയുടെ വിഗ്രഹം ഘടിപ്പിച്ച തൂണിൽ തൊട്ടു. ഇതിനാണ് ഗ്രാമവാസികൾ 60,000 രൂപ പിഴയിട്ടത്. തൊട്ടടുത്ത ദിവസം കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തിയാണ് പിഴ വിധിച്ചത്. ഒക്ടോബർ ഒന്നിനകം തുക അടച്ചില്ലെങ്കിൽ ഗ്രാമത്തിൽനിന്നും ഭ്രഷ്ട് കൽപ്പിക്കുമെന്നും വിധിച്ചു. സംഭവത്തിൽ സംഘടനകൾ ഇടപെട്ട് പൊലീസിൽ പരാതി നൽകി. എട്ട് പേരെ അറസ്റ്റ് ചെയ്തു.