കൊച്ചി
സൈബർ സുരക്ഷയ്ക്കായി കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സൈബർ സുരക്ഷാ സമ്മേളനം ‘കൊക്കൂണി’ന്റെ 15–-ാം പതിപ്പ് ശിൽപ്പശാലകൾ ആരംഭിച്ചു. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വിവിധ വിഷയങ്ങളിലായി നടക്കുന്ന ശിൽപ്പശാലകളിൽ ഇരുനൂറിലേറെ പേരാണ് പങ്കെടുക്കുന്നത്.
മൾട്ടി ക്ലൗഡ് സെക്യൂരിറ്റി, ആൻഡ്രോയിഡ് ആൻഡ് ഐഒഎസ് ആൻഡ് ഐഒടി സെക്യൂരിറ്റി, ഇലക്ട്രോണിക് വാർഫെയർ, മാൾവെയർ അനാലിസിസ് എന്നീ വിഷയങ്ങളിലുള്ള ശിൽപ്പശാലകളാണ് ആദ്യദിവസം നടന്നത്.
മൾട്ടി ക്ലൗഡ് സെക്യൂരിറ്റിയെക്കുറിച്ചുള്ള ശിൽപ്പശാലയിൽ, ക്ലൗഡിൽ ഡാറ്റകൾ ഹാക്ക് ചെയ്യാതെ സംരക്ഷിക്കാനുള്ള പരിശീലനമാണ് നൽകിയത്. മൈക്രോസോഫ്റ്റ് അഷ്വർ, ആമസോൺ എഡബ്ല്യുഎസ്, ഗൂഗിൾ ജിസിപി ഇങ്ങനെ മൂന്ന് കമ്പനികളുടെ ക്ലൗഡിലെ സുരക്ഷകളെക്കുറിച്ചായിരുന്നു പരിശീലനം. സംസ്ഥാനത്തെ വിവിധ കോർപറേറ്റ് സ്ഥാപനങ്ങളിലെ എഴുപതോളം പേർ പരിശീലനം നേടി. വ്യാഴവും ശിൽപ്പശാലകൾ തുടരും.
കുട്ടികളുടെ സൈബർ സുരക്ഷയ്ക്കായി കേരള പൊലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘കൂട്ട്’ പദ്ധതിയുടെ കൊച്ചി മേഖലാ ഉദ്ഘാടനം വ്യാഴം രാവിലെ 9.30ന് കലൂർ ഐഎംഎ ഹാളിൽ ജസ്റ്റിസ്റ്റ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വെള്ളി രാവിലെ 10ന് കൊക്കൂൺ സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും. കേരള പൊലീസ് പുറത്തിറക്കുന്ന ആന്റി ഡ്രോൺ മൊബൈൽ വെഹിക്കിൾ മുഖ്യമന്ത്രി പുറത്തിറക്കും.