കോഴിക്കോട്
കോവിഡ് മുക്തരിലെ ഗുരുതര ശ്വാസകോശ രോഗങ്ങൾക്ക് തൊറാസിക് സർജറി ഫലപ്രദമെന്ന് പഠനം. ശ്വാസകോശ രോഗങ്ങൾ തുടക്കത്തിൽ കണ്ടെത്തി കേടുവന്ന ഭാഗം ശസ്ത്രക്രിയയിലൂടെ എടുത്തുമാറ്റുകയാണ് തൊറാസിക് സർജറി. 83 പേരിൽ നടത്തിയ ശസ്ത്രക്രിയയിൽ 60 എണ്ണവും പൂർണ വിജയമാണെന്ന് പഠനം പറയുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള പ്രായമുള്ളവർ ഒഴികെ മറ്റുള്ളവർ അതിവേഗം രോഗമുക്തി നേടിയെന്നും തൊറാസിക് സർജൻ നാസർ യൂസഫിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യാന്തര ഗവേഷക സംഘം നടത്തിയ പഠനത്തിൽ പറയുന്നു. ഇത് സംബന്ധിച്ച് ഫ്രണ്ടിയേഴ്സ് ഇൻ സർജറി മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് രാജ്യാന്തര ശ്രദ്ധ നേടി.
ഇന്ത്യയിൽനിന്ന് ഡോ. നാസർ യൂസഫ് മാത്രമാണ് സംഘത്തിലുള്ളത്. 2021 മാർച്ചിൽ കൊച്ചിയിൽ രാജസ്ഥാൻ സ്വദേശിക്കാണ് കേരളത്തിൽ ആദ്യ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് നെഞ്ചുരോഗ ആശുപത്രിയിലും പിവിഎസ് ആശുപത്രിയിലും ഡോ. നാസർ യൂസഫിന്റെ നേതൃത്വത്തിൽ തൊറാസിക് സർജറി നടക്കുന്നുണ്ട്. കേരളത്തിൽ ഇതിനകം 62 പേർ ശസ്ത്രക്രിയക്ക് വിധേയരായി. 90 ശതമാനവും വിജയകരമായി.
കോവിഡ് മുക്തരായവരിൽ ഗുരുതര ശ്വാസകോശ രോഗങ്ങൾ വ്യാപകമാണ്. ശ്വാസകോശത്തിൽ പഴുപ്പ്, രക്തക്കുഴൽ പൊട്ടി രക്തം വമിക്കൽ, കുമിളകൾ രൂപപ്പെടൽ തുടങ്ങിയവയാണ് കണ്ടുവരുന്നത്. വിട്ടുമാറാത്ത പനി, രക്തം ഛർദിക്കൽ, നെഞ്ചുവേദന, ശ്വാസതടസ്സം തുടങ്ങിയവയാണ് ലക്ഷണം.