തിരുവനന്തപുരം
ഭാവി വിക്ഷേപണവാഹനങ്ങളിൽ ഉപയോഗിക്കാവുന്ന ഹൈബ്രിഡ് മോട്ടോർ ഐഎസ്ആർഒ വിജയകരമായി പരീക്ഷിച്ചു. തമിഴ്നാട് മഹേന്ദ്രഗിരി പ്രൊപ്പൽഷൻ കോംപ്ലക്സിലെ പരീക്ഷണ ജ്വലനം 15 സെക്കൻഡ് നീണ്ടു. പ്രത്യേകം തയ്യാറാക്കിയ മോട്ടോർ അലുമിനൈസ്ഡ് ഖര ഇന്ധനവും ക്രയോ ദ്രവ ഓക്സിജനും ഉപയോഗിച്ചാണ് പ്രവർത്തിപ്പിച്ചത്.
സാധാരണ ഉപയോഗിക്കുന്ന ഇന്ധന മിശ്രണത്തിൽനിന്ന് വ്യത്യസ്തമായ സാങ്കേതികവിദ്യയാണ് ഇത്. കുതിച്ചുയരുന്ന റോക്കറ്റിൽ ഇന്ധനത്തിന്റെ ഒഴുക്ക് തത്സമയം നിയന്ത്രിച്ച് പാതയും വേഗവും നിയന്ത്രിക്കാം എന്നതാണ് പ്രത്യേകത. പ്രകൃതി സൗഹൃദത്തിനൊപ്പം സുരക്ഷിതവും സാങ്കേതിക തകരാർ സാധ്യതയും കുറവാണ്. വിക്ഷേപണച്ചെലവ് കുറയ്ക്കാനാകും. തിരുവനന്തപുരം വിഎസ്എസ്സി രൂപകൽപ്പന ചെയ്ത സങ്കീർണമായ ഈ സാങ്കേതിക വിദ്യയിൽ വലിയമല എൽപിഎസ്സിയും പ്രധാന പങ്ക് വഹിച്ചു. ആർഎച്ച് 300 സൗണ്ടിങ് റോക്കറ്റിൽ ഉടൻതന്നെ ഈ മോട്ടോർ ഘടിപ്പിച്ച് വിക്ഷേപിക്കുമെന്ന് വിഎസ്എസ്സി ഡയറക്ടർ ഡോ. എസ് ഉണ്ണിക്കൃഷ്ണൻനായർ പറഞ്ഞു. ശ്രീഹരിക്കോട്ടയിലാകും വിക്ഷേപണം.