കൊച്ചി
മസ്തിഷ്കമരണം സംഭവിച്ച നാഗർകോവിൽ സ്വദേശിനി അനിതയുടെ (42) കൈകൾ ഇനി ഇരുകൈകളും നഷ്ടപ്പെട്ട നാൽപ്പത്തഞ്ചുകാരിക്ക് തുണയാകും. ബുധൻ വൈകിട്ട് ആറരയോടെയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് അനിതയുടെ കൈകളുമായി ഹെലികോപ്റ്ററിൽ ഡോക്ടർമാരുടെ സംഘം അമൃത ആശുപത്രിയിലെത്തിയത്. ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇരുകൈകളും നഷ്ടപ്പെട്ട സ്ത്രീയിലാണ് കൈകൾ തുന്നിച്ചേർക്കുക. രാത്രി ഏഴോടെ ആരംഭിച്ച 16 മണിക്കൂർ ശസ്ത്രക്രിയ വ്യാഴം പകൽ പൂർത്തിയാകും.
അനിതയ്ക്ക് മസ്തിഷ്കമരണം സംഭവിച്ചതോടെ ബന്ധുക്കൾ അവയവദാനത്തിന് തീരുമാനിക്കുകയായിരുന്നു. ഇതോടെ അമൃത ആശുപത്രിയിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ രണ്ട് മണിക്കൂറോളംനീണ്ട ശസ്ത്രക്രിയയിലൂടെ അനിതയുടെ കൈകൾ വേർപെടുത്തി. വൈകിട്ട് അഞ്ചോടെ ശസ്ത്രക്രിയ പൂർത്തിയാക്കി കൈകളുമായി ഡോക്ടർമാരുടെ സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. വൈകിട്ട് 5.30ന് ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക്. ആറരയോടെ അമൃത ആശുപത്രി ഹെലിപ്പാഡിലിറങ്ങിയ ഡോക്ടർമാരുടെ സംഘം കൈകളുമായി ആംബുലൻസിൽ ആശുപത്രിയിലെത്തി.
സെന്റർ ഫോർ റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ ഡോ. ജിമ്മി മാത്യു, ഡോ. കിഷോർ പുരുഷോത്തമൻ, ഡോ. ജനാർദനൻ, ഡോ. സുനിൽ രാജൻ, ഡോ. ജെറി പോൾ എന്നിവരാണ് ശസ്ത്രക്രിയ നടത്തുന്നത്. കൊച്ചി അമൃത ആശുപത്രിയിൽ നടക്കുന്ന പന്ത്രണ്ടാമത്തെ കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്.