ന്യൂഡൽഹി
കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്താല്‍ രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയാന്‍ പറയരുതെന്ന് സോണിയ ഗാന്ധിയോട് നേരിട്ട് ഉപാധിവച്ച് അശോക് ഗെലോട്ട്. ഒരാൾക്ക് ഒരു പദവിയെന്ന് ഉദയ്പുർ ചിന്തൻ ശിബിരത്തിൽ പ്രഖ്യാപിച്ചതിനാല്‍ ഇരട്ടപ്പദവി നല്‍കുന്നത് ഹൈക്കമാന്‍ഡിന് നാണക്കേടാകും. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറങ്ങാനിരിക്കെ, രാഹുലിന് പകരക്കാരനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സോണിയ കുടുംബഭക്ത നേതാക്കള്‍.
സോണിയയുമായുള്ള മൂന്നു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ മൂന്ന് ഉപാധിയാണ് ഗെലോട്ട് മുന്നോട്ടുവച്ചിട്ടുള്ളത്– രണ്ടു പദവിയും ഒന്നിച്ചുകൊണ്ടുപോകാൻ അനുവദിക്കുക. സച്ചിൻ പൈലറ്റിനെ മാറ്റിനിർത്തി താൻ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കുക (സ്പീക്കർ സി പി ജോഷി, മന്ത്രി രഘു ശർമ എന്നിവരെയാണ് നിര്‍ദേശിക്കുന്നത്). മുഖ്യമന്ത്രിയായി തുടർന്നുകൊണ്ട് വർക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാം. പ്രസിഡന്റായി സോണിയ തുടരണം. മൂന്നു നിർദേശത്തോടും സോണിയ പൂർണമായി യോജിച്ചിട്ടില്ല.
ഗെലോട്ട് നിർദേശിക്കുന്നയാൾ മുഖ്യമന്ത്രിയും പൈലറ്റ് ആഭ്യന്തര വകുപ്പോടുകൂടിയ ഉപമുഖ്യമന്ത്രിയുമെന്ന ഒത്തുതീർപ്പ് നിർദേശം ഉയർന്നിട്ടുണ്ട്. സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഗെലോട്ട് രാഹുലിനെ കാണുന്നതിനായി കൊച്ചിയിലേക്ക് തിരിച്ചു. രാഹുലിന്റെ മനസ്സ് മാറ്റുന്നതിനുള്ള അവസാനവട്ട ശ്രമമെന്ന നിലയിലാണ് കൊച്ചി യാത്ര.
പൈലറ്റിനെ തടയാന്‍ പൂഴിക്കടകന്‍
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കേണ്ടി വന്നാലും സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാകുന്നത് തടയാൻ കരുക്കൾ നീക്കി അശോക് ഗെലോട്ട്.
ഡൽഹിക്ക് തിരിക്കുംമുമ്പ് കോൺഗ്രസ് എംഎൽഎമാരുടെ അനൗദ്യോഗിക യോഗം വിളിച്ച് ഗെലോട്ട് പൈലറ്റിനെതിരായ കളമൊരുക്കി. 18 എംഎൽഎമാരുമായി കോൺഗ്രസ് വിടാനൊരുങ്ങിയ പൈലറ്റിനെ എന്തുവന്നാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഗെലോട്ടുപക്ഷ എംഎൽഎമാർ. താന്‍ മുഖ്യമന്ത്രിയാകുമോ എന്ന് നേതൃത്വമാണ് തീരുമാനിക്കുകയെന്ന് സച്ചിൻ പൈലറ്റ് കൊച്ചിയിൽ പ്രതികരിച്ചു.