കണ്ണൂർ
അനാവശ്യ വിവാദങ്ങൾ ഉൽപ്പാദിപ്പിച്ച് നല്ല പ്രവൃത്തികളെ സമൂഹത്തിനുമുന്നിൽ മൂടിവയ്ക്കാൻ ശ്രമിക്കുന്നുവെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. നമ്മുടെ സർക്കാർ അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തു. ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങളും നടപ്പാക്കി. പ്രളയത്തെയും നിപയെയും കോവിഡിനെയും അതിജീവിച്ചു. അത്ഭുതകരമായ പ്രവർത്തനങ്ങൾ സർക്കാർ കാഴ്ചവച്ചിട്ടും വിവാദങ്ങൾ തുടർച്ചയായി ഉൽപ്പാദിപ്പിക്കുകയാണ്. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിലെ ആദരസമ്മേളനത്തിൽ മുകുന്ദൻ പറഞ്ഞു. വിവാദങ്ങളല്ല, സംവാദങ്ങളാണുണ്ടാകേണ്ടത്.
എഴുത്തിൽ പറയാനാകാത്തത് പലതും പൊതുവേദികളിലാണ് എഴുത്തുകാർ പറയാറുള്ളത്. അത് എങ്ങനെയെങ്കിലും സർക്കാർവിരുദ്ധമാക്കാനുള്ള ശ്രമം നടക്കുന്നു. എഴുത്തുകാരൻ എന്ത് ചെയ്യണമെന്ന് മറ്റൊരാൾ തീരുമാനിക്കുകയും വിവാദമാക്കുകയുംചെയ്യുന്ന കാലമാണിത്. ഇരുണ്ട ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും എം മുകുന്ദൻ പറഞ്ഞു.