മനാമ > ബഹ്റൈനിലെ സാംസ്ക്കാരിക മേഖലയില്‍ മൂന്ന് പതിറ്റാണ്ടായി നിരവധി നാടകാനുഭവങ്ങള്‍ സമ്മാനിച്ച ബഹ്റൈന്‍ പ്രതിഭ 2022ലെ ‘ബഹ്റൈന്‍ പ്രതിഭ നാടക പുരസ്കാര’ത്തിന് രചന ക്ഷണിച്ചു. 25,000 രൂപയും ഫലകവും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
രചയിതാക്കള്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം. ലോകത്തില്‍ എവിടെ താമസിക്കുന്നവര്‍ക്കും പങ്കെടുക്കാം. നാടകരംഗത്തെ പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്കാരം നിര്‍ണയിക്കുക. പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഒരു മണിക്കൂര്‍ വരെ അവതരണ ദൈര്‍ഘ്യം വരാവുന്ന, 021 ജനുവരി ഒന്നിനു ശേഷമുള്ള, പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ മലയാള നാടക രചനകളായിരിക്കും പുരസ്കാരത്തിന് പരിഗണിക്കുക.
നാടക രചനകള്‍ 2022 ഒക്ടോബര്‍ 31നകം bpdramaawards@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ പിഡിഎഫ് ആയി ലഭിക്കണം.
നാടക രചനയില്‍ രചയിതാവിന്റെ പേരോ അതുമായി ബന്ധപ്പെട്ട സൂചനകളോ ഉണ്ടാകരുത്. രചയിതാവിന്റെ വ്യക്തി വിവരങ്ങള്‍ (പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍) നാടക രചനയോടൊപ്പം പ്രത്യേകം അനുബന്ധമായി അയക്കണമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.