കൊൽക്കത്ത
കൊലപാതക രാഷ്ട്രീയത്തിനും തൊഴിൽ തട്ടിപ്പിനും അഴിമതിക്കുമെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി കൊൽക്കത്തയിൽ വൻ യുവജന മുന്നേറ്റം.
എസ്എഫ്ഐ, ഡിവൈഎഫ്ഐ റാലിയിൽ വിവിധ ജില്ലകളിൽനിന്നായി പതിനായിരങ്ങൾ അണിനിരന്നു. ഹൗറ, സിയാൾദ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് അണിനിരന്ന വൻ പ്രകടനങ്ങൾ എസ്പ്ലനേഡിലേക്ക് നീങ്ങിയപ്പോൾ നഗരവീഥികൾ സ്തംഭിച്ചു. അടിച്ചമർത്തലുകളെ തരണംചെയ്ത് ഇടതുപക്ഷ യുവജനവിദ്യാർഥി പ്രസ്ഥാനം ബംഗാളിൽ മുന്നേറുകയാണെന്ന് റാലി വിളിച്ചോതി.
സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, വിദ്യാർഥി യുവജന നേതാക്കളായ മീനാക്ഷി മുഖർജി, ഹിമഗ്ന രാജ് മയൂഖ് സുജൻ, പ്രതികൂർ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ധ്രുവജ്യോതി സഹ അധ്യക്ഷത വഹിച്ചു. തൃണമൂൽ സർക്കാരിന്റെ പൊലീസ് കൊലപ്പെടുത്തിയ വിദ്യാർഥി നേതാവ് അനിസ് ഖാന്റെ പിതാവ് സലിം ഖാൻ റാലിക്ക് അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. തൃണമൂൽ സർക്കാരിനെ വേരോടെ പിഴുതെറിയാൻ ഒറ്റക്കെട്ടായി മുന്നേറാൻ അദ്ദേഹം ആഹ്വാനംചെയ്തു.