ന്യൂഡൽഹി
മോദിസർക്കാർ വന്നശേഷം രാഷ്ട്രീയ പ്രവർത്തകർക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്ത കേസുകളിൽ 95 ശതമാനത്തിലും പ്രതികൾ ബിജെപിയിതര പാർടി നേതാക്കൾ. യുപിഎ ഭരണകാലത്ത് സിബിഐ എടുത്ത കേസുകളിൽ 60 ശതമാനത്തിലും പ്രതികളായത് പ്രതിപക്ഷപാർടി നേതാക്കള്‍. ‘കൂട്ടിലടച്ച തത്ത’യെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ച അവസ്ഥയിൽ സിബിഐ തുടരുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. യുപിഎ ഭരണകാലത്തെന്നതുപോലെ പക്ഷംമാറുന്ന നേതാക്കൾക്കെതിരായ കേസുകളിൽ അന്വേഷണം മരവിക്കുന്ന പ്രവണതയും ഇപ്പോഴും അവസാനിച്ചിട്ടില്ല.
നിലവിൽ 124 രാഷ്ട്രീയനേതാക്കളാണ് സിബിഐ അന്വേഷണം നേരിടുന്നത്. ഇവരിൽ ആറ് പേർ മാത്രമാണ് ബിജെപിക്കാർ. ടിഎംസി–-30, കോൺഗ്രസ്–-26, ആർജെഡി–-10, ബിജെഡി–-10, വൈഎസ്ആർസിപി–-ആറ്, ബിഎസ്പി–-അഞ്ച്, ടിഡിപി–-അഞ്ച്, എഎപി–-നാല്, എസ്പി–-നാല്, എഐഎഡിഎംകെ–-നാല്, സിപിഐ എം–-നാല്, എൻസിപി–-മൂന്ന്, നാഷണൽ കോൺഫറൻസ്–-രണ്ട്, ഡിഎംകെ–-രണ്ട്, പിഡിപി–-ഒന്ന്, ടിആർഎസ്–-ഒന്ന്, സ്വതന്ത്രൻ–-ഒന്ന് എന്നിങ്ങനെയാണ് മറ്റ് പാർടികളിൽപ്പെട്ടവരുടെ എണ്ണം.
യുപിഎ സർക്കാരിന്റെ കാലത്ത് 72 നേതാക്കൾ പ്രതികളായിരുന്നു. അന്നത്തെ 43 പ്രതിപക്ഷ നേതാക്കളും 29 കോൺഗ്രസ് മുന്നണി നേതാക്കളും. മോദിസർക്കാർ വന്നശേഷമാണ് സൊഹ്റാബ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കൊലക്കേസിൽ അമിത് ഷായെ സിബിഐ പ്രത്യേക കോടതി വിട്ടയച്ചത്. ഇതിനെതിരെ സിബിഐ അപ്പീൽ നൽകിയില്ല. അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ കോൺഗ്രസ് നേതാവായിരിക്കെ ശാരദ ചിട്ടിഫണ്ട് കേസിൽ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. സർമ ബിജെപിയിൽ എത്തിയതോടെ നടപടികൾ അവസാനിച്ചു. ബംഗാളിൽ ടിഎംസി നേതാവ് മുകുൾ റോയി ബിജെപിയിൽ ചേർന്നതോടെ നാരദ ഒളികാമറ കോഴക്കേസിൽനിന്ന് ഒഴിവാക്കി.