ന്യൂഡൽഹി
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുൽ ഗാന്ധി വീണ്ടും ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് പ്രമേയങ്ങൾ പാസാക്കി വിവിധ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ. രാജസ്ഥാൻ പിസിസിക്ക് പുറമെ ഛത്തീസ്ഗഢ് പിസിസിയും രാഹുൽ പ്രസിഡന്റ് ആകണമെന്ന പ്രമേയം പാസാക്കി. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഛത്തിസ്ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലുമാണ് പിസിസി യോഗങ്ങളിൽ രാഹുലിന് അനുകൂലമായ പ്രമേയങ്ങൾ അവതരിപ്പിച്ചത്. പുതിയ പിസിസി പ്രസിഡന്റിനെയും എഐസിസി പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നതിനുള്ള ചുമതല അടുത്ത പ്രസിഡന്റിന് കൈമാറിയുള്ള പ്രമേയങ്ങളും ഇരു പിസിസിയും അംഗീകരിച്ചു.
പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ഒരുക്കമല്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. അതേസമയം, സോണിയ കുടുംബഭക്ത സംഘം രാഹുലിനായുള്ള മുറവിളി തുടരുകയാണ്. കന്യാകുമാരിമുതൽ കശ്മീർവരെയുള്ള ഭാരത് ജോഡോ യാത്ര ഒക്ടോബറിൽനിന്ന് സെപ്തംബറിലേക്ക് മാറ്റിയതുപോലും രാഹുലിന്റെ മനംമാറ്റം ലക്ഷ്യമിട്ടാണ്. വരുംദിവസങ്ങളിൽ കൂടുതൽ പിസിസികൾ രാഹുലിനായി പ്രമേയം കൊണ്ടുവരും. സെപ്തംബർ 24 മുതൽ 30വരെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രികാസമർപ്പണത്തിനുള്ള സമയപരിധി. ഇതിന് മുമ്പായി രാഹുലിന്റെ മനസ്സ് മാറ്റാനാണ് കെ സി വേണുഗോപാലിന്റെയും മറ്റും നേതൃത്വത്തിലുള്ള സ്തുതിപാഠകസംഘത്തിന്റെ ശ്രമം. മറുഭാഗത്ത് ജി–-23 വിഭാഗം മത്സരത്തിനുള്ള ഒരുക്കത്തിലാണ്. രാഹുൽ സ്ഥാനാർഥിയായി വന്നാൽ മാത്രമേ ജി–-23 മത്സരത്തെക്കുറിച്ച് പുനരാലോചിക്കൂ.