ന്യൂഡൽഹി
കുടിശ്ശിക തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ മഹീന്ദ്ര ഫിനാൻസിലെ റിക്കവറി ഏജന്റ് പിടിച്ചെടുത്ത ട്രാക്ടറിനടിയിൽപ്പെട്ട് ഗർഭിണിക്ക് ദാരുണാന്ത്യം. ജാർഖണ്ഡിലെ ഹസാരിബാഗിൽ വ്യാഴാഴ്ചയാണ് സംഭവം. കർഷകനായ മിഥിലേഷ് മേത്തയുടെ മകളാണ് (27) മരിച്ചത്. റിക്കവറി ഏജന്റും മാനേജരും ഉൾപ്പെടെ നാല് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
ട്രാക്ടർ വാങ്ങാനെടുത്ത വായ്പയിൽ 1.3 ലക്ഷം രൂപ നൽകണമെന്ന് വ്യാഴാഴ്ച കമ്പനി അറിയിച്ചിരുന്നു. തുക ഉടൻ നൽകാമെന്ന് പറഞ്ഞിട്ടും റിക്കവറി ഏജന്റെത്തി ട്രാക്ടർ ബലമായി തട്ടിയെടുത്ത് പോകുകയായിരുന്നു. ഈ സമയത്താണ് മേത്തയുടെ ഗർഭിണിയായ മകൾ ചക്രത്തിനടിയിൽപ്പെട്ടത്. തൽക്ഷണം മരിച്ചു. യുവതിയുടെ മൃതദേഹവുമായി വെള്ളിയാഴ്ച ഹസാരിബാഗ് കലക്ടറേറ്റിന് മുന്നിൽ ഗ്രാമവാസികൾ പ്രകടനം നടത്തി.
സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും ആ കുടുംബത്തോടൊപ്പം നിൽക്കുമെന്നും മഹീന്ദ്ര ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ അനീഷ് ഷാ പറഞ്ഞു.