തൃശൂർ> മാധ്യമങ്ങൾക്ക് പ്രവേശനമില്ലാതെ ആർഎസ്എസ് പ്രാന്തീയ ബൈടെക്. സർ സംഘചാലക് മോഹൻ ഭാഗവതിന്റെ നേതൃത്വത്തിലാണ് അതീവ രഹസ്യ സ്വഭാവത്തോടെ തൃശൂരിൽ യോഗം ചേരുന്നത്. സംസ്ഥാനത്തെ ആർഎസ്എസിലെ പൂർണ സമയപ്രവർത്തകരായ കാര്യവാഹകന്മാരും പ്രചാരകന്മാരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തൃശൂരിൽ ശ്രീ ശങ്കര ഹാളിൽ രണ്ടു ദിവസമായി ചേരുന്ന യോഗത്തിലേക്ക് മാധ്യമപ്രവർത്തകർക്കുൾപ്പെടെ പ്രവേശനമുണ്ടായില്ല.
2025ൽ ആർഎസ്എസിന്റെ 100–-ാം വർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും സംസ്ഥാനത്തെ സംഘ പ്രവർത്തനങ്ങളും വിലയിരുത്തുകയാണ് ലക്ഷ്യമെന്നാണ് സൂചന. ഞായർ രാവിലെ ഗുരുവായൂർ രാധേയം ഓഡിറ്റോറിയത്തിൽ ചേരുന്ന ആർഎസ്എസ് പ്രാന്ത കാര്യ കാരി കർത്താക്കളുടെ ബൈടെക്കിലും വൈകിട്ട് അഞ്ചിന് ഗുരുവായൂർ ശ്രീകൃഷ്ണകോളജ് ഗ്രൗണ്ടിൽ ഗുരുവായൂർ സംഘജില്ലയിലെ പൂർണഗണവേഷ സാംഘിക്കിലും മോഹൻഭാഗവത് പങ്കെടുക്കും.
രാവിലെ ക്ഷേത്ര ദർശനത്തിനും ക്രമീകരണമേർപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസ് ക്ഷേത്രീയ പ്രചാരക എ സെന്തിൽകുമാർ, ക്ഷേത്രീയ സേവാപ്രമുഖ് കെ പത്മകുമാർ, പ്രാന്ത കാര്യവാഹ് പി എൻ ഈശ്വരൻ, പ്രാന്തപ്രചാരക് എസ് സുദർശനൻ തുടങ്ങിയവരും മോഹൻ ഭാഗവതിനൊപ്പമുണ്ട്.