തിരുവനന്തപുരം> സംസ്ഥാനത്തെ ഐടിഐകളിൽ അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം പരിശീലനമേന്മ വർധിപ്പിക്കാനും നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിൽ വിജയിച്ചവർക്ക് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഐടിഐ വിജയിക്കുന്ന ട്രെയിനികൾക്ക് രാജ്യത്തും വിദേശത്തും തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് പ്ലേസ്മെന്റ് സെല്ലുകളിലൂടെയും വ്യാവസായിക പരിശീലനവകുപ്പ് ഓരോ വർഷവും സംഘടിപ്പിക്കുന്ന സ്പെക്ട്രം ജോബ് ഫെയറിലൂടെയും സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുള്ള പുതുതലമുറ ട്രേഡുകൾ ആരംഭിക്കാനും ലക്ഷ്യമുണ്ട്. നിലവിൽ വകുപ്പിന്റെ കീഴിലുള്ള എല്ലാ മേജർ ഐടിഐകളും കംപ്യൂട്ടർ അധിഷ്ഠിത കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നതിനാൽ ട്രെയിനികൾക്ക് ഏറെദൂരം യാത്ര ചെയ്യാതെ പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ ഐടിഐകളിൽ ഇത്തരം പരീക്ഷാകേന്ദ്രങ്ങൾ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തിളക്കമാർന്ന വിജയമാണ് അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ സംസ്ഥാനത്തിന് നേടാൻ കഴിഞ്ഞത്. വിവിധ ഐടിഐകളിൽ 76 ക്രാഫ്റ്റ്സ്മാൻ ട്രെയിനിങ് സ്കീം ട്രേഡുകളിലായി പരിശീലനം നേടിയ 50,000 ട്രെയിനികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. ഇതിൽ സംസ്ഥാനത്തിന്റെ വിജയശതമാനം 92 ആണ്. ദേശീയതലത്തിൽ 54 ട്രേഡിൽ കേരളത്തിൽനിന്നുള്ള ട്രെയിനികൾ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി ദേശീയ റാങ്ക് ജേതാക്കൾ ആയിട്ടുണ്ട്.
കൗൺസിലർ എം ശാന്ത അധ്യക്ഷയായി. കെ ഗോപാലകൃഷ്ണൻ, കെ പി ശിവശങ്കരൻ, ഷമ്മി ബേക്കർ എന്നിവർ സംസാരിച്ചു.