മുംബൈ
ട്വന്റി–-20 ക്രിക്കറ്റ് ലോകകപ്പ് ക്രിക്കറ്റ് ടീമിൽ ഉൾപ്പെടാതിരുന്ന സഞ്ജു സാംസണ് സമാശ്വാസമായി നായകപദവി. ന്യൂസിലൻഡ് എ ടീമിനെതിരായ മൂന്നുമത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിനെ മലയാളി വിക്കറ്റ് കീപ്പർ നയിക്കും. 22നാണ് ആദ്യകളി. ചെന്നൈയിലാണ് മത്സരങ്ങൾ.
ഇതാദ്യമായാണ് സഞ്ജു ഇന്ത്യൻ നിരയുടെ ക്യാപ്റ്റനാകുന്നത്. പതിനാറംഗ ടീമിൽ കൗമാരക്കാരൻ രാജ് ബാവ ഇടംപിടിച്ചു. അണ്ടർ 19 ലോകകപ്പിൽ മികച്ച പ്രകടനമായിരുന്നു ഈ ഓൾറൗണ്ടറുടേത്. ഇടംകൈയൻ ബാറ്റർ തിലക് വർമയും സ്ഥാനം നേടി. സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്കായി കളിച്ച സഞ്ജു ഏഷ്യാകപ്പ് ടീമിൽ സ്ഥാനം നേടിയിരുന്നില്ല. പിന്നാലെ ട്വന്റി–-20 ലോകകപ്പിനുള്ള നിരയിലും ഇടം കണ്ടെത്താനായില്ല.
ഇന്ത്യൻ എ ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ തൃപാഠി, രജത് പാട്ടിദാർ, കെ എസ് ഭരത്, കുൽദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുൽ ചഹാർ, തിലക് വർമ, കുൽദീപ് സെൻ, ശാർദുൾ ഠാക്കൂർ, ഉമ്രാൻ മാലിക്, നവ്ദീപ് സെയ്നി, രാജ് ബാവ.
തിരിച്ചുവരാൻ അവസരം
സഞ്ജു സാംസണിന് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ സുവർണാവസരം. സഞ്ജു സെലക്ഷൻ കമ്മിറ്റിയുടെ റഡാറിൽ തന്നെയുണ്ടെന്നതിന്റെ തെളിവാണ് ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റൻസ്ഥാനം. കിട്ടിയത് ഭാരിച്ച ഉത്തരവാദിത്വമാണ്. നായകനായും ബാറ്ററായും മിന്നിയാൽ തിരിച്ചുവരവ് ഉറപ്പിക്കാം. ശാർദുൾ ഠാക്കൂറിനെയും പൃഥ്വി ഷായെയുംപോലുള്ള താരങ്ങൾ അണിനിരക്കുന്ന ടീമിന്റെ ക്യാപ്റ്റൻസ്ഥാനം തീർച്ചയായും അംഗീകാരമാണ്.
ലോകകപ്പിനുള്ള പകരക്കാരുടെ നിരയിൽപ്പോലും മലയാളിതാരത്തെ പരിഗണിച്ചില്ല. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർ ബാറ്റർമാരായി ഇടംകണ്ടെത്തിയത്. ഇതിനുമുന്നോടിയായുള്ള ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ പരമ്പരകളിലും ഇടംകിട്ടിയില്ല. ഈ നിരാശ മായ്ക്കാനും കഴിവ് തെളിയിക്കാനുമുള്ള വേദിയാണ് ന്യൂസിലൻഡ് എയുമായുള്ള പരമ്പര.
രഞ്ജി ട്രോഫിയിലും സയ്ദ് മുഷ്താഖ് അലി ട്രോഫിയിലുമെല്ലാം കേരള ടീമിനെ നയിച്ച് പരിചയമുള്ള സഞ്ജു രണ്ട് സീസണായി ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ്. കഴിഞ്ഞതവണ രാജസ്ഥാനെ ഫൈനൽവരെ നയിച്ചു. ഈ നേട്ടമാണ് സെലക്ടർമാർ ഇരുപത്തേഴുകാരനിൽ വിശ്വാസമർപ്പിക്കാൻ കാരണം. ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യക്ക് നവംബറിൽ ന്യൂസിലൻഡ് പര്യടനമുണ്ട്. മൂന്നുവീതം ഏകദിനവും ട്വന്റി–-20യുമാണ് പരമ്പരയിൽ. ഈ ടീമിൽ സ്ഥനമുറപ്പിക്കലാകും ലക്ഷ്യം.