മാഡ്രിഡ്
റോജർ ഫെഡറർക്ക് വെെകാരിക കുറിപ്പുമായി റാഫേൽ നദാൽ. ടെന്നീസിൽനിന്ന് കഴിഞ്ഞദിവസമാണ് ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു നദാലിന്റെ പ്രതികരണം. കായികലോകത്തെ ഏറ്റവും വേദനാജനകമായ ദിവസമെന്ന് നദാൽ കുറിച്ചു.
‘പ്രിയപ്പെട്ട റോജർ, എന്റെ കൂട്ടുകാരാ, എതിരാളി. ഈ ദിവസം ഒരിക്കലും വരാതിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ ദിനം എനിക്കേറ്റവും വേദന നിറഞ്ഞതാണ്. കായികലോകത്തിനാകെയും. നിങ്ങൾക്കൊപ്പം കളത്തിനകത്തും പുറത്തുമുണ്ടായ ഓരോ മനോഹര നിമിഷങ്ങളും ഓർക്കുന്നു. സന്തോഷവും ബഹുമാനവും തോന്നുന്നു. ഭാവിയിൽ ഇനിയും ഏറെ നിമിഷങ്ങൾ നമുക്കുണ്ടാകും. ഈ സമയം നിങ്ങൾക്കും ഭാര്യ മിർക്കയ്ക്കും മക്കൾക്കും സന്തോഷകരമായ ഭാവി ആശംസിക്കുന്നു. ലണ്ടനിൽ വച്ച് നമുക്ക് കാണാം’– നദാൽ എഴുതി.
പുരുഷ ടെന്നീസിൽ ഇരുവരും തമ്മിലുള്ള പോരാട്ടം ആവേശകരമായിരുന്നു. 2004 മുതൽ ഇരുവരും തമ്മിൽ മത്സരിക്കുന്നുണ്ട്. 2019ലെ വിംബിൾഡണിലായിരുന്നു അവസാന മുഖാമുഖം. 2009ലെ ഓസ്ട്രേലിയൻ ഓപ്പൺ ഫെെനലിലാണ് ഇരുവരും തമ്മിലുള്ള മികച്ച പോരാട്ടം കണ്ടത്. നാല് മണിക്കൂർ 36 മിനിറ്റ് നീണ്ട കളിയിൽ നദാൽ ജയം സ്വന്തമാക്കി. അഞ്ച് സെറ്റ് കളിനീണ്ടു.
ഗ്രാൻഡ് സ്ലാം കിരീടങ്ങളിൽ നദാലാണ് മുന്നിൽ. 22 കിരീടം. ഫെഡറർക്ക് 20. അടുത്തയാഴ്ച നടക്കുന്ന ലേവർകപ്പിൽ ഇരുവരും ഇറങ്ങുന്നുണ്ട്. ഫെഡററുടെ അവസാന പോരാട്ടമാണിത്.