തിരുവനന്തപുരം
വിദേശയാത്രയ്ക്കെതിരെ മുമ്പും വിവാദങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഉദ്ദേശ്യം വേറെയാണ്. വിദേശ രാജ്യങ്ങളിലെ വികസന മാതൃകകൾ സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിന് ഉതകുന്ന രീതിയിൽ പകർത്തുകയാണ് വിദേശയാത്രകളുടെ ലക്ഷ്യം. വസ്തുത മനസ്സിലാക്കിയാൽ യാത്രകൾ കൊണ്ടുണ്ടായ നേട്ടങ്ങൾ ബോധ്യപ്പെടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അവ വിശദീകരിച്ചു.
ടെക്നോപാർക്ക്
1990ൽ മുഖ്യമന്ത്രി ഇ കെ നായനാരും വ്യവസായമന്ത്രി കെ ആർ ഗൗരിയമ്മയും അമേരിക്കയിലെ ഐടി ഹബ്ബ് സിലിക്കൺ വാലിയും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും സന്ദർശിച്ചു. ഇതിന്റെ തുടർച്ചയായിരുന്നു ഇന്ത്യയിലെ ആദ്യ ഐടിപാർക്കായ ടെക്നോപാർക്ക്.
പുഷ്പക്കൃഷി
നെതർലൻഡ്സുമായി സഹകരിച്ചുള്ള പുഷ്പക്കൃഷി പദ്ധതിക്ക് അമ്പലവയലിൽ സ്ഥലം കണ്ടെത്തി.
ഇൻഡോ–-
ഡച്ച് ആർക്കൈവ്സ്
ഇൻഡോ–- ഡച്ച് ആർക്കൈവ്സ് തയ്യാറാക്കാൻ ധാരണപത്രം ഒപ്പിട്ടു. തുടർനടപടി പുരോഗമിക്കുന്നു.
വിദേശത്ത് തൊഴിൽ
ജർമനിയുമായുള്ള ചർച്ചയുടെ ഭാഗമായി നോർക്കയുമായി സഹകരിച്ച് നഴ്സുമാർക്ക് തൊഴിൽ നൽകാൻ നടപടി. ഒഡെപെക് വഴി അഞ്ച് വർഷത്തിനിടെ 2753 പേർക്ക് വിദേശത്ത് ജോലി.
ടൂറിസത്തിനും ഉണർവ്
വിനോദസഞ്ചാരവകുപ്പ് വിവിധ രാജ്യങ്ങളിലും രാജ്യത്തിനകത്തും സംഘടിപ്പിച്ച മേളകൾ വിദേശസഞ്ചാരികളെ ആകർഷിച്ചു. ടൂറിസം മേഖലയിൽ തൊഴിലവസരങ്ങൾ കൂടി.
ബ്ളൂ ഇക്കോണമി
സമ്മേളനം
ജക്കാർത്തയിലെ ഇന്റർനാഷണൽ ബ്ളൂ ഇക്കോണമി മിനിസ്റ്റേഴ്സ് സമ്മേളനത്തിൽ ഫിഷറീസ് മന്ത്രി പങ്കെടുത്ത് മത്സ്യബന്ധനം, ശീതീകരണ പ്രക്രിയ, വിപണനസമ്പ്രദായങ്ങൾ, സുരക്ഷ, കടലിലെ പ്ലാസ്റ്റിക് നിർമാർജനം, രാജ്യാന്തരതല ആഴക്കടൽ മത്സ്യബന്ധനം തുടങ്ങിയവ മനസ്സിലാക്കാനും നടപ്പാക്കാനുമായി.
നൈപുണ്യ വികസന കേന്ദ്രങ്ങൾ
അബുദാബിയിൽ വേൾഡ് സ്കിൽ കോമ്പറ്റീഷനിൽ മന്ത്രിയായിരുന്ന ടി പി രാമകൃഷ്ണൻ പങ്കെടുത്തതിലൂടെ സംസ്ഥാനത്ത് നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കാൻ കമ്പനികളെ ക്ഷണിക്കാനായി. നഴ്സുമാർക്ക് യുഎഇയിൽ തൊഴിലവസരവും ലഭിച്ചു.
2150 കോടിയുടെ
വിദേശനിക്ഷേപം
ധനമന്ത്രിയായിരുന്ന തോമസ് ഐസക് വിദേശത്തുപോയി മസാല ബോണ്ടിന്റെ ഭാഗമായി 2150 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. നോട്ടിംഹാം സിറ്റിക്കു സമാനമായി ഇലക്ട്രിക് വാഹനഗതാഗതം നടപ്പാക്കാൻ രൂപരേഖ തയ്യാറാക്കാൻ ഗതാഗതമന്ത്രിയുടെ ലണ്ടൻ യാത്ര ഉപയോഗപ്രദമായി.
പഠിക്കും ഫിന്നിഷ്
വിദ്യാഭ്യാസ മാതൃക
കേരളം–- ഫിൻലൻഡ് സഹകരണം മെച്ചപ്പെടുത്തുക, ഫിന്നിഷ് വിദ്യാഭ്യാസ മാതൃക പഠിക്കുക എന്നിവയാണ് ഫിൻലൻഡ് സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യം. ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയുടെ പഠന, അധ്യാപന പരിശീലന രീതികൾ പഠിക്കും. ബഹുരാഷ്ട്രകമ്പനികൾ സന്ദർശിച്ച് കൂടുതൽ നിക്ഷേപം കൊണ്ടുവരാനുള്ള സാധ്യത നോക്കും. നോക്കിയയുടെ എക്സിക്യൂട്ടീവ് എക്സ്പീരിയൻസ് സെന്റർ സന്ദർശിക്കാനും കമ്പനിമേധാവികളുമായി ചർച്ചനടത്താനും സാധ്യതയുണ്ട്. സൈബർ സഹകരണത്തിന് ഐടി കമ്പനികളുമായും ചർച്ചനടത്തും. ടൂറിസം, ആയുർവേദ സഹകരണത്തിനുള്ള കൂടിക്കാഴ്ചകളുണ്ട്. കേരളത്തിൽ എത്തിയ ഫിൻലൻഡ് പ്രതിനിധികളുടെ ക്ഷണപ്രകാരമാണ് സന്ദർശനം. വിദ്യാഭ്യാസമന്ത്രി ലീ ആൻഡേഴ്സന്റെ ക്ഷണപ്രകാരം അവിടെ പ്രീസ്കൂളും സന്ദർശിക്കും.
മികച്ചതാക്കും
മാരിടൈം
മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയാണ് നോർവെ സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം. നോർവെ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി മന്ത്രി ജോർണർ സെൽനെസ് സ്കെജറൻ ഈ മേഖലയിൽ വാണിജ്യം വർധിപ്പിക്കാനുള്ള സാധ്യത ചർച്ച ചെയ്യാൻ ക്ഷണിച്ചിരുന്നു. നോർവീജിയൻ ജിയോടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് കേരളത്തിൽ വർധിക്കുന്ന ഉരുൾപൊട്ടലടക്കമുള്ള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതിക വിദ്യകൾ പരിശോധിക്കും.
ലക്ഷ്യം ആരോഗ്യം, നിക്ഷേപം
ആരോഗ്യമേഖല ഉൾപ്പെടെയുള്ള രംഗങ്ങളിൽ സഹകരണം മികച്ചതാക്കാനാണ് വെയിൽസ് സന്ദർശനം. ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിൽ ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിലെ വിവിധ യൂണിവേഴ്സിറ്റികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സന്ദർശിക്കും. മൂന്നാം ലോകകേരളസഭയുടെ തുടർച്ചയായി ലണ്ടനിൽ പ്രാദേശിക യോഗം സംഘടിപ്പിക്കും. 150 പ്രവാസികൾ പങ്കെടുക്കും. നോർവെ, വെയിൽസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ പ്രാദേശിക വ്യവസായികളുമായി ചേർന്ന് നിക്ഷേപ സൗഹൃദ സംഗമം നടത്തും. ടൂറിസം, ആയുർവേദ മേഖലകൾക്ക് ഊന്നൽ നൽകി ചർച്ചയുമുണ്ട്.
റൂം ഫോര് റിവര്; നെതർലൻഡ്സ് സന്ദർശനത്തില് നിന്ന്
മഹാപ്രളയശേഷം പ്രകൃതിദുരന്തങ്ങളെ തടയാനും പ്രതിരോധിക്കാനും ഡച്ച് മാതൃകയിലുള്ള റൂം ഫോർ റിവർ പദ്ധതി നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്
2019ൽ നെതർലൻഡ്സ് സന്ദർശിച്ച് റൂം ഫോർ റിവർ മാതൃക വിലയിരുത്തി. പദ്ധതിയുടെ ഭാഗമായി പമ്പയാറും അച്ചൻകോവിലാറും സംഗമിച്ച് കടലിലേക്ക് ഒഴുകുന്ന ഭാഗത്തിന്റെ വീതി 80 മീറ്ററിൽനിന്ന് 400 മീറ്ററാക്കി. പമ്പയിൽ 75,000 ക്യൂബിക് മീറ്റർ എക്കലും ചെളിയും നീക്കി ആഴം കൂട്ടി. നദീജലത്തിന്റെ ഒഴുക്ക് സുഗമമായി. ഹരിതകേരളം മിഷന്റെ ഭാഗമായി 412 കിലോമീറ്റർ പുഴ വീണ്ടെടുത്തു. വരട്ടാറിനെ പുനരുജ്ജീവിപ്പിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽ 360 മീറ്റർ വീതിയിൽ പൊഴി മുറിച്ച് ആഴം കൂട്ടി. ഇത് പ്രളയതീവ്രത കുറച്ചു.
കുട്ടനാട് പാക്കേജില്പ്പെടുത്തി തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നിയന്ത്രിച്ച് മഴവെള്ളവും പ്രളയജലവും ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കി. പദ്ധതിയുടെ ഭാഗമായി ചെന്നൈ ഐഐടിയുടെ സഹായത്തില് തയ്യാറാക്കിയ വിശദപദ്ധതിരേഖ ഇറിഗേഷൻ വകുപ്പിന്റെ പരിഗണനയിലാണ്. റൂം ഫോര് റിവർ നടപ്പാക്കിയപ്പോൾ പരിഹസിക്കാനായിരുന്നു മാധ്യമങ്ങളടക്കമുള്ളവരുടെ ശ്രമം. 1993ലെ പ്രളയത്തിന് 22 വർഷത്തിനിപ്പുറം 2015ലാണ് നെതര്ലന്ഡ്സിൽ റൂം ഫോർ റിവർ പദ്ധതി യാഥാർഥ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.