സമർഖണ്ഡ്
ഉസ്ബക്കിസ്ഥാനിലെ സമർഖണ്ഡിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയിൽ സംഘടനയുടെ പുതിയ അധ്യക്ഷരാഷ്ട്രമായി ഇന്ത്യയെ തെരഞ്ഞെടുത്തു. ഉച്ചകോടി അധ്യക്ഷനായ ഉസ്ബക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കാത് മിർസിയോയേ ഔദ്യോഗികമായി അധ്യക്ഷപദവി കൈമാറി. 2023ലെ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയം വഹിക്കും.
ഇറാന് സ്ഥിരാംഗത്വം നൽകാനും ഉച്ചകോടിയിൽ തീരുമാനമായി. ബലാറുസിന് അംഗത്വം നൽകാനുള്ള നടപടിക്രമങ്ങൾക്കും ഉച്ചകോടിയിൽ തുടക്കമിട്ടു. ബഹ്റൈൻ, മലദ്വീപ്, യുഎഇ, കുവൈത്ത്, മ്യാന്മർ എന്നിവയെ സംവാദ അംഗങ്ങളായും അംഗീകരിച്ചു.
കൂടുതൽ രാഷ്ട്രങ്ങളെ ഉൾച്ചേർത്ത് സംഘടനയെ വികസിപ്പിക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നതായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു. ബാഹ്യ സമ്മർദങ്ങളും ഇടപെടലും ചെറുത്ത് തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും അതുൾപ്പെടുന്ന മേഖലയുടെ സുരക്ഷയും ഉറപ്പാക്കാൻ അംഗരാജ്യങ്ങൾക്കാകണം.
ഭീകരവാദ പ്രതിരോധ പ്രവർത്തനത്തിന് വിവിധ സേനകളെ പരിശീലിപ്പിക്കാൻ ചൈനയിൽ പ്രത്യേക കേന്ദ്രം തുടങ്ങും. അഞ്ചുവർഷത്തിനുള്ളിൽ എസ്സിഒ അംഗങ്ങളുടെ 2000 സൈനികർക്ക് പരിശീലനം നൽകാൻ ചൈന ഒരുക്കമാണെന്നും ഷി പറഞ്ഞു.
ചരക്കുനീക്കം സുഗമമാക്കണമെന്ന് മോദി
എസ്സിഒ അംഗങ്ങളുടെ നേതൃത്വത്തിൽ സുരക്ഷിതവും ഫലപ്രദവുമായ ചരക്കുനീക്കം ഉറപ്പാക്കണന്ന് ഷാങ്ഹായ് സഹകരണ കൗൺസിൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൂടുതൽ രാഷ്ട്രങ്ങളെ ഉൾപ്പെടുത്തി സംഘടനയെ വികസിപ്പിക്കണമെന്ന നിര്ദേശവും മുന്നോട്ടുവച്ചു. അംഗരാജ്യങ്ങൾക്കിടയിൽ ഗതാഗതബന്ധമുണ്ടെങ്കിൽ ചരക്കുനീക്കം സ്വാഭാവികമായി നടക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെറിഫ് ചൂണ്ടിക്കാട്ടി. മധ്യ ഏഷ്യയിലേക്കും റഷ്യയിലേക്കും എത്താനായി പാകിസ്ഥാന് പകരം ഇന്ത്യ ഇറാനിലെ ചബഹാർ തുറമുഖം ഉപയോഗിക്കുന്നത് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടിക്ക് മുന്നോടിയായുള്ള ചടങ്ങുകളിൽ ഇരുനേതാക്കളും പരസ്പരം സംസാരിക്കാത്തതും ചർച്ചയായിരുന്നു.
ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തി. ഇന്നത്തെ കാലഘട്ടം യുദ്ധത്തിന്റേതല്ലെന്നും ഉക്രയ്നിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും മോദി പറഞ്ഞു. ലോകത്തെ ഭക്ഷ്യ, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ നടപടിയെടുക്കണം. ഉസ്ബക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കാത് മിർസിയോയേവ്, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉൾപ്പെടെയുള്ളവരുമായും മോദി കൂടിക്കാഴ്ച നടത്തി.