ന്യൂയോർക്ക്
ലോകത്തെ രണ്ടാമത്തെ വലിയ ധനികനായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഫോർബ്സ് റിയൽടൈം ബില്യണയേഴ്സ് (ശതകോടീശ്വരന്മാരുടെ തത്സമയ കണക്കെടുപ്പ്) പട്ടികയിലാണ് ആമസോൺ മേധാവി ജെഫ് ബെസൊസ്, ഫ്രഞ്ച് വ്യവസായ ഭീമന് ബെർണാർഡ് ആർനോൾട്ട് എന്നിവരെ പിന്തള്ളി അദാനി വെള്ളിയാഴ്ച രണ്ടാം സ്ഥാനത്തെത്തിയത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടം ലാഭകണക്കുകളില് മാറ്റംവരുത്തിയതോടെ ഏതാനും മണിക്കൂറുകൾക്കകം അദാനി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടെസ്ല മേധാവി ഇലോൺ മസ്ക് ആണ് ഒന്നാമത്. മസ്കിന് 27,350 കോടി ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. രണ്ടാമിടത്തെത്തിയപ്പോൾ അദാനിക്ക് 15,470 കോടി ഡോളറാണ് ആസ്തി. ആർനോൾട്ടിന് 15,350 കോടി ഡോളറും. അദാനിയുടെ ആസ്തി 15,130 കോടി ഡോളറായി കുറഞ്ഞതോടെയാണ് രണ്ടാംസ്ഥാനം നഷ്ടമായത്. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി പട്ടികയിൽ എട്ടാം സ്ഥാനത്തുണ്ട്. ആസ്തി 9200 കോടി ഡോളർ.