ന്യൂഡല്‍ഹി> സംസ്ഥാനതല സഖ്യങ്ങളും തെരഞ്ഞെടുപ്പ് ധാരണകളും വഴിയാണ് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുകയെന്ന് സിപിഎ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ സാധ്യമായ ഏറ്റവും വിശാല മതനിരപേക്ഷസഖ്യം ഉയര്‍ത്തിക്കൊണ്ടുവരാനായി സിപിഐ എം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസമായി ചേര്‍ന്ന പൊളിറ്റ്ബ്യൂറോ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.
ബിഹാറിലെ രാഷ്ട്രീയമാറ്റത്തിനുശേഷം മതനിരപേക്ഷ പ്രതിപക്ഷകക്ഷികളെ ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൂടിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തും വെവ്വേറെ രാഷ്ട്രീയപാര്ടികള്ക്കാണ് ബിജെപിയെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ കഴിയുക. തമിഴ്നാട്ടില്‍ ഡിഎംകെയാണ് ബിജെപി വിരുദ്ധമുന്നണിയെ നയിക്കുന്നത്. ബിജെപിക്ക് കാര്യമായ പ്രസക്തിയില്ലാത്ത കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു താല്പര്യമെടുത്തും ബിജെപിവിരുദ്ധ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ബംഗാളില്‍ ബിജെപിയെ ചെറുക്കുന്നതിനൊപ്പം തൃണമൂലിന്റെ ജനദ്രോഹഭരണം തുറന്നുകാട്ടാതിരിക്കാന്‍ കഴിയില്ല.
ദേശീയതലത്തില്‍ ബദല്‍സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകള്‍ നടക്കേണ്ടത് തെരഞ്ഞെടുപ്പിനുശേഷമാണ്-സീതാറാം യെച്ചൂരി വിശദീകരിച്ചു.