തിരുവനന്തപുരം
പഠനകാലത്തുതന്നെ വിദ്യാർഥികൾക്ക് സംരംഭകത്വ പരിശീലനംകൂടി നൽകുന്നത് പരിഗണനയിലെന്ന് മന്ത്രി പി രാജീവ്. സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക ക്ലബ്ബുകൾ രൂപീകരിക്കും. വ്യവസായ- വാണിജ്യ വകുപ്പ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്പ്മെന്റ് (കെഐഇഡി) എന്നിവയുടെ “യുവ ബൂട്ട് ക്യാമ്പ്’ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തൊഴിലന്വേഷകരെ തൊഴിൽദാതാക്കളായി മാറ്റുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഫലപ്രദമാണ്. ഇവയ്ക്ക് വിദ്യാർഥികളിൽനിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ജില്ലകളിൽനിന്ന് സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിസംരംഭകരുടെ 39 ടീം പങ്കെടുക്കുന്നുണ്ട്. ഓരോ ടീമും തയ്യാറാക്കിയ വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും മത്സരവും ക്യാമ്പിലുണ്ട്. തെരഞ്ഞെടുക്കുന്ന ടീമിന് ഫൈനൽ പിച്ചിങ്ങിലേക്ക് അവസരം ലഭിക്കും. വിജയികളാകുന്ന 10 ടീമിന് 10,000 രൂപയാണ് സമ്മാനം. കൂടാതെ ഫാബ് ലാബ് കേരളയിൽ സൗജന്യ പരിശീലനവും കേരള സ്റ്റാർട്ടപ് മിഷന്റെ രണ്ടുലക്ഷംവരെ ലഭിക്കുന്ന ഐഡിയ ഫെസ്റ്റിലേക്ക് പ്രവേശനവും ലഭിക്കും. വ്യാഴാഴ്ച സമാപന ചടങ്ങിൽ മന്ത്രി കെ എൻ ബാലഗോപാൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. കെഐ ഇഡി സിഇഒ ശരത് വി രാജ്, ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ജോസഫ് പി രാജ് എന്നിവർ സംസാരിച്ചു.