പുത്തൻകുരിശ്
യാക്കോബായ സഭാ മെത്രാപോലീത്തമാരായി മർക്കോസ് ചെമ്പകശേരിലും ഗീവർഗീസ് കുറ്റിപറിച്ചേലും അഭിഷിക്തരായി. മർക്കോസ് ചെമ്പകശേരിൽ റമ്പാനെ മർക്കോസ് മോർ ക്രിസ്റ്റോഫോറോസ് എന്ന പേരിലും കുറ്റിപറിച്ചേൽ ഗീവർഗീസ് റമ്പാനെ ഗീവർഗീസ് മോർ സ്തേഫാനോസ് എന്ന പേരിലുമാണ് വാഴിച്ചത്. സുറിയാനി സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ലബനനിലെ പാത്രിയർക്ക ആസ്ഥാനത്തെ സെന്റ് മേരീസ് ചാപ്പലിലെ ചടങ്ങുകൾക്ക് മുഖ്യകാർമികനായി.
ഇന്ത്യൻ സമയം ബുധൻ പകൽ 11.30ന് ആരംഭിച്ച സ്ഥാനാരോഹണ ചടങ്ങ് മൂന്നുമണിക്കൂർ നീണ്ടു. നിയുക്ത മെത്രാൻസ്ഥാനികളെ മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ്, ഗീവർഗീസ് മോർ അത്താനാസിയോസ് എന്നിവർ ആനയിച്ചു. സ്ലീബ പെരുന്നാൾ ശുശ്രൂഷയ്ക്കുശേഷം സ്ഥാനാഭിഷേക ശുശ്രൂഷ ആരംഭിച്ചു. മെത്രാപോലീത്തമാരെ സ്ഥാനചിഹ്നങ്ങളായ അംശവസ്ത്രം ധരിപ്പിച്ച് വലതുകൈയിൽ സ്ലീബ കൈമാറി.
മെത്രാപോലീത്തമാരായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, എൽദോ മോർ തീത്തോസ്, കുര്യാക്കോസ് മോർ യൗസേബിയോസ്, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മോർ ഗ്രീഗോറിയോസ്, കുര്യാക്കോസ് മോർ ഈവാനിയോസ്, ആയൂബ് മോർ സിൽവാനിയോസ്, യാക്കോബ് മോർ അന്തോണിയോസ്, കുര്യാക്കോസ് മോർ ക്ലീമിസ്, സഖറിയാസ് മോർ പീലക്സിനോസ്, ഏലിയാസ് മോർ യൂലിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ് എന്നിവരും വിവിധ രാജ്യങ്ങളിലെ 10 മെത്രാപോലീത്തമാരും പങ്കെടുത്തു.
ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപോലീത്ത മലബാർ ഭദ്രാസനത്തിലെ സിംഹാസന പള്ളികളുടെ ചുമതല വഹിക്കും. മർക്കോസ് മോർ ക്രിസ്റ്റോഫോറോസ് പാത്രിയർക്കേറ്റിൽ മലങ്കര കാര്യങ്ങളുടെ സെക്രട്ടറിയായി തുടരും. ഗീവർഗീസ് മോർ സ്തേഫാനോസ് വ്യാഴാഴ്ചയും മർക്കോസ് മോർ ക്രിസ്റ്റോഫോറോസ് ശനിയാഴ്ചയും കേരളത്തിലെത്തും.