തിരുവനന്തപുരം
ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾക്ക് സഹായങ്ങൾ ഉറപ്പാക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. കേരള ബാങ്കിൽനിന്ന് കാഷ് ക്രഡിറ്റും പവർ ഓഫ് അറ്റോർണിയിലുള്ള വയ്പ സൗകര്യവും ഒരുക്കാൻ സർക്കാർ മുൻകൈയെടുക്കും. കേരള ലേബർ കോൺട്രാക്ട് കോ–-ഓപ്പറേറ്റിവ് സൊസൈറ്റീസ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച സഹകരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അസോസിയേഷൻ മുന്നോട്ടുവച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കും. സഹകരണ തത്വങ്ങൾക്ക് വിരുദ്ധമായി ചില സംഘങ്ങൾ പ്രവർത്തിക്കുന്നത് അനുവദിക്കാനാകില്ല. കരാറുകാരുടെ സൊസൈറ്റിയാക്കുന്നത് അംഗീകരിക്കില്ല. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സംഘങ്ങളെ തരംതിരിക്കുന്നത് പരിഗണനയിലാണ്. സംഘങ്ങളുടെ പ്രവർത്തന വൈവിധ്യവൽക്കരണത്തിന് ഭരണസമിതികൾ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
സഹകരണ സെക്രട്ടറി മിനി ആന്റണി അധ്യക്ഷയായി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായി. മുൻധനമന്ത്രി ടി എം തോമസ് ഐസക് ‘കേരള വികസനത്തിലെ ലേബർ സഹകരണ സംഘങ്ങളുടെ പങ്ക്’ വിഷയം അവതരിപ്പിച്ചു. അസോസിയേഷൻ വെബ്സൈറ്റ് സഹകരണ സംഘം രജിസ്ട്രാർ അലക്സ് വർഗീസ് പ്രകാശിപ്പിച്ചു. ഐസിഎം ഡയറക്ടർ ആർ കെ മേനോൻ, ലേബർ ഫെഡ് ചെയർമാൻ ജോസ് പാറപ്പുറം, ഊരാളുങ്കൽ ലേബർ സഹകരണ സംഘം ചെയർമാൻ രമേശൻ പാലേരി, നാഷണൽ ലേബർ ഫെഡറേഷൻ ഡയറക്ടർ ടി കെ കിഷോർകുമാർ, അസോസിയേഷൻ പ്രസിഡന്റ് എ സി മാത്യു, ജനറൽ സെക്രട്ടറി കെ എ സ്കറിയ എന്നിവർ സംസാരിച്ചു. രണ്ടുദിവസം വിവിധ വിഷയങ്ങളിൽ ശിൽപ്പശാല നടക്കും.