കോട്ടയം
അനിയന്ത്രിത ഇറക്കുമതിമൂലം ആഭ്യന്തര വിപണിയിൽ റബർ കുന്നുകൂടിയതോടെ വൻകിട കമ്പനികളടക്കം വാങ്ങൽ നിർത്തി വിപണിയിൽനിന്ന് പിന്മാറി. ഇതുമൂലം റബറിന് വൻ വിലയിടിവ്. കഴിഞ്ഞ മാസങ്ങളിൽ മഴമൂലം ഉൽപാദനം ഗണ്യമായി ഇടിഞ്ഞിട്ടും വില ദിവസേന കുറയുകയാണ്.
തരംതിരിക്കാത്ത റബറിന്റെ വില വിപണിയിൽ 130 രൂപയിലെത്തി. രണ്ടാഴ്ചകൊണ്ട് 20 രൂപയോളം ഇടിവ്. 200 രൂപയെങ്കിലും വില കിട്ടിയാലെ ഈ രംഗത്ത് തുടരാനാകൂവെന്ന് കർഷകർ പറയുന്നു. റബർബോർഡ് ആർഎസ്എസ് –- നാലിന് 151 രൂപയും അഞ്ചിന് 145 രൂപയും ഈ ദിവസങ്ങളിലെ വിലയെങ്കിലും കർഷകർക്ക് ഇതുപോലും കിട്ടുന്നില്ല. മഴ മാറി ഉൽപാദനം കൂടുമ്പോൾ വില നൂറിലേക്ക് താഴുമെന്ന ഭയപ്പാടിലാണ് കർഷകർ. രണ്ട് മാസം മുമ്പ് ഷീറ്റിന് കിലോയ്ക്ക് 170 രൂപയ്ക്ക് മുകളിൽ കിട്ടിയിരുന്നു.
പ്രതിമാസം ശരാശരി 35,000 ടൺ ഷീറ്റാണ് ടയർ കമ്പനികൾക്ക് ആവശ്യമുള്ളത്. അനിയന്ത്രിത ഇറക്കുമതിയിലൂടെ വൻകിട കമ്പനികളെല്ലാം ആവശ്യത്തിലേറെ റബർ ഇറക്കുമതി ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം 60,000 ലേറെ ടൺ ഇറക്കുമതി ചെയ്തെന്നാണ് കണക്ക്. ഇതുമാത്രം ചുരുങ്ങിയത് രണ്ട് മാസത്തേക്കുണ്ട്. അതിനാൽ ആഭ്യന്തര വിപണിയിൽ ഷീറ്റിന് ആവശ്യക്കാരില്ലാതെ വരും. ടയർ കമ്പനികൾ നിശ്ചയിക്കുന്ന വിലയ്ക്ക് കർഷകൻ വിൽക്കേണ്ടിവരും.
അന്താരാഷ്ട്ര വിപണിയിലും വില ഇടിയുകയാണ്. ഇറക്കുമതി തീരുവയാകട്ടെ 25 ശതമാനം മാത്രം. ഈ സാഹചര്യം മുതലാക്കിയാണ് വ്യവസായികൾ ഇറക്കുമതി ചെയ്ത് കൂട്ടിവയ്ക്കുന്നത്. തീരുവ ഉയർത്തിയും മറ്റും ഇറക്കുമതി നിയന്ത്രിക്കണമെന്ന കർഷക ആവശ്യം കേന്ദ്രസർക്കാർ ചെവിക്കൊള്ളുന്നുമില്ല.