തിരുവനന്തപുരം
കർഷകരുടെ വരുമാനവും കാർഷികോൽപ്പാദനക്ഷമതയും വർധിപ്പിക്കുക ലക്ഷ്യമിട്ട് മൂല്യവർധിത കൃഷി മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കി തദ്ദേശീയമായും അന്താരാഷ്ട്രതലത്തിലും വിപണന ശൃംഖല വികസിപ്പിക്കുന്നതിനുമുള്ള സാമ്പത്തിക സഹായം മിഷൻ വഴി ലഭ്യമാക്കുമെന്നും കൃഷി മന്ത്രി പി പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയാണ് മിഷൻ അധ്യക്ഷൻ. കൃഷി, വ്യവസായ മന്ത്രിമാർ ഉപാധ്യക്ഷന്മാരാണ്. ധനം, തദ്ദേശം, സഹകരണം, ജലവിഭവം, മൃഗ സംരക്ഷണം, ഫിഷറീസ്, വൈദ്യുതി, ഭക്ഷ്യ വകുപ്പുമന്ത്രിമാർ അംഗങ്ങളാകും. ഓരോ മേഖലയ്ക്കായി കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായുള്ള വിദഗ്ധ സംഘങ്ങളുടെ വർക്കിങ് ഗ്രൂപ്പുകളുണ്ടാകും. കാർഷിക വ്യവസായം, സാങ്കേതികവിദ്യ വിജ്ഞാന ശേഖരണം, അതിന്റെ ഉപയോഗം, വിപണനം, ധനകാര്യം തുടങ്ങിയ മേഖലകളിൽ ഊന്നിയാണ് ഇവ പ്രവർത്തിക്കുക. സംസ്ഥാനതലത്തിൽ മിഷൻ ഏകോപിപ്പിക്കുന്നതിന് കോ–- -ഓർഡിനേറ്ററെ നിയമിക്കും. കൃഷി വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥനാകും ചീഫ് ഓപ്പറേറ്റിങ് ഓഫീസർ.
‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി ഇതിനകം 25000 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു. ഇതിൽ 80 ശതമാനവും ഉൽപ്പാദന മേഖലയിലാണ്. 20 ശതമാനം മൂല്യവർധന മേഖലയിലും. മൂല്യവർധിത ഉൽപ്പന്നങ്ങൾ അടിസ്ഥാനമാക്കിയുള്ള കൃഷിക്കാണ് കൃഷിക്കൂട്ടങ്ങൾ പ്രഥമ പരിഗണന നൽകുക. ഉൽപ്പാദന മേഖലയിൽ മുന്നേറിയെങ്കിലും വിപണന, മൂല്യവർധിത മേഖലകളിൽ കൂടുതൽ ഇടപെടണം. സംഭരണവും അടിസ്ഥാന വിലയും സർക്കാർ ഉറപ്പാക്കുന്നുണ്ടെങ്കിലും കൃത്യമായി പ്രയോജനപ്പെടുത്താത്തതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നു. മൂല്യവർധിത കൃഷി മിഷൻ (വാല്യു ആഡഡ് അഗ്രികൾച്ചർ മിഷൻ –-വാം) നടപ്പാകുന്നതോടെ ഇതിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.