തിരുവനന്തപുരം
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുകൾ അയക്കുന്നത് വ്യാപകമാകുന്നുവെന്നും ഉ ദ്യോഗാർഥികൾ വഞ്ചിതരാകരുതെന്നും ബോർഡ് അധികൃതർ. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് -2 തസ്തികകളിലേക്കുള്ള ഒഎംആർ പരീക്ഷ 18ന് നടക്കാനിരിക്കെയാണ് വിവരങ്ങൾ പുറത്തുവന്നത്.
കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പരീക്ഷ. ഒരുലക്ഷത്തി പതിനായിരത്തോളം പേർ 468 കേന്ദ്രത്തിൽ പരീക്ഷയെഴുതും. ഈ വർഷംതന്നെ റാങ്ക് പട്ടിക തയ്യാറാക്കി നിയമന ശുപാർശ നൽകും. പരീക്ഷ സുതാര്യമാണെന്നും നിയമനം വാഗ്ദാനംചെയ്ത് പണം വാങ്ങുന്നത് നിയമ വിരുദ്ധമാണെന്നും ചെയർമാൻ അഡ്വ. എം രാജഗോപാലൻ നായർ പറഞ്ഞു.
ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങളാണ് തട്ടിപ്പുകാർ വാങ്ങുന്നത്. വഞ്ചിക്കപ്പെട്ടവർ പലരും കേസ് നൽകാൻ തയ്യാറാകുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് ബോർഡ് പരാതി നൽകിയിട്ടുണ്ട്.
ദേവസ്വം ബോർഡ് തസ്തികകളിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയതിൽ നാല് കേസ് നിലവിലുണ്ട്. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ ലെറ്റർ ഹെഡും സീലും രേഖകളും തയ്യാറാക്കിയാണ് വഞ്ചിക്കുന്നത്. സംസ്ഥാനത്തിന് പുറത്തും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ചെയർമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബോർഡ് അംഗങ്ങളായ ജി എസ് ഷൈലാമണി, പി സി രവീന്ദ്രനാഥൻ തുടങ്ങിയവരും പങ്കെടുത്തു.
ചെന്നൈയിൽ നിന്നുവരെ വ്യാജൻ
ചെന്നൈയിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ജോബ് പ്ലേസ്മെന്റ് സെന്ററിൽനിന്ന് കോഴിക്കോട് ബാലുശേരി സ്വദേശിയായ യുവാവിന് അയച്ച നിയമന ശുപാർശ തിരികെ തപാൽ വകുപ്പിലേക്കെത്തിയതാണ് റിക്രൂട്ട്മെന്റ് ബോർഡിനെ വ്യാജൻമാരിലേക്കെത്തിച്ചത്. കത്തിലെ പ്ലേസ്മെന്റ് സെന്ററിന്റെ വിലാസം വ്യാജമായിരുന്നു. തുടർന്ന് തപാൽ വകുപ്പ് കത്ത് പരിശോധിച്ച് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ അറിയിച്ചു. തെളിവുകളോടെ ചെന്നൈ പൊലീസിന് ബോർഡ് പരാതി നൽകി. പരുമല സ്വദേശിയായ യുവതിക്ക് വ്യാജനിയമന ഉത്തരവ് അയച്ചത് മാവേലിക്കര സ്വദേശിയായ വിനീഷാണ്. ഇയാൾ മുൻകൂർ ജാമ്യംതേടി അറസ്റ്റിൽനിന്ന് രക്ഷപ്പെട്ടതായും ചെയർമാൻ പറഞ്ഞു.