കൊല്ലം
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സ്വീകരണത്തിനിടെ യുഡിഎഫ് ജില്ലാ ചെയർമാനും ജാഥയുടെ ജില്ലാ കോ –ഓ-ർഡിനേറ്ററുമായ കെ സി രാജനെ റോഡിലിട്ട് ചവിട്ടി. 4000 രൂപയും ആധാർകാർഡ് അടക്കം രേഖകൾ അടങ്ങിയ പേഴ്സും മോഷണംപോയി. ബുധന് രാവിലെ നാവായിക്കുളത്തുനിന്ന് ആരംഭിച്ച യാത്രയെ പാരിപ്പള്ളി മുക്കടയിൽ ഡിസിസി നേതൃത്വത്തിൽ സ്വീകരിക്കുന്നതിനിടെയാണ് സംഭവം.
ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്, സി ആർ മഹേഷ് എംഎൽഎ എന്നിവർക്കൊപ്പമാണ് മുൻ ഡിസിസി പ്രസിഡന്റുകൂടിയായ കെ സി രാജൻ പാസ് ഉൾപ്പെടെ ധരിച്ച് രാഹുലിനെ കാത്തുനിന്നത്. രാഹുൽ എത്തിയതോടെ നേതാക്കളും പ്രവർത്തകരും തിരക്കുകൂട്ടി. സുരക്ഷാ ഉദ്യോഗസ്ഥർ തിരക്കുനിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ കെ സി രാജൻ താഴെവീണു. നേതാക്കളെല്ലാം അടുത്തുണ്ടായിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. വീണുകിടന്ന കെ സി രാജന് പ്രവർത്തകരുടെ ചവിട്ടേറ്റു. ഷർട്ടും മുണ്ടും കീറി. ഇതിനിടെയാണ് പേഴ്സ് നഷ്ടപ്പെട്ടത്. കൈമുട്ടിനു പരിക്കേറ്റ കെ സി രാജൻ കരുനാഗപ്പള്ളിയിലെ വീട്ടിലേക്കു മടങ്ങി.
‘കഴിഞ്ഞ ഒരു മാസമായി രാവെന്നോ പകലെന്നോ ഇല്ലാതെ ഈ യാത്രയുടെ വിജയത്തിനുവേണ്ടി അക്ഷീണം പരിശ്രമിച്ച ഈ മനുഷ്യൻ എത്രയും വേഗം സുഖം ആർജിക്കട്ടെ’ –-സംഭവത്തെക്കുറിച്ച് കെ സി രാജന്റെ മകൻ ആർ എസ് അരുൺ ഫെയ്സ്ബുക്കിൽ കുറിച്ചു.