ന്യൂഡൽഹി
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ്ഷായ്ക്ക് സെക്രട്ടറിസ്ഥാനത്ത് ഒരുതവണകൂടി അനുവദിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ഭരണഘടനാ ഭേദഗതിക്ക് സുപ്രീംകോടതി അംഗീകാരം നൽകി. ഒക്ടോബറിൽ ജയ്ഷായുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ ഭേദഗതി. ബിസിസിഐ ഭരണഘടനപ്രകാരം സംസ്ഥാന അസോസിയേഷനുകളിലോ ബിസിസിഐയിലോ അതല്ലെങ്കിൽ രണ്ടിലുമോ തുടർച്ചയായി രണ്ടുതവണ (ആറുവർഷം) പൂർത്തിയാക്കുന്നവർ മൂന്നുവർഷം മാറിനിൽക്കേണ്ടതുണ്ട്. ഗുജറാത്ത് അസോസിയേഷനിലും ബിസിസിഐയിലുമായി ജയ്ഷാ തുടർച്ചയായി രണ്ടുതവണ പൂർത്തിയാക്കിയിരുന്നു. മൂന്നുവർഷം മാറിനിൽക്കണമെന്ന നിബന്ധന അസോസിയേഷനിൽ ഒരുതവണയും പിന്നീട് ബിസിസിഐയിൽ ഒരുതവണയും പൂർത്തിയാക്കുന്നവർക്ക് ബാധകമാക്കേണ്ടതില്ലെന്ന ഭേദഗതി നിർദേശമാണ് കോടതി അംഗീകരിച്ചത്.
പുതിയ ഭേദഗതിക്ക് അംഗീകാരമായതോടെ പ്രസിഡന്റുസ്ഥാനത്ത് സൗരവ് ഗാംഗുലിക്ക് തുടരാം. സൗരവ് ഗാംഗുലിയും നേരത്തേ ബംഗാൾ സംസ്ഥാന അസോസിയേഷനിൽ ഒരുതവണ പൂർത്തിയാക്കിയിരുന്നു. അതിനുശേഷമാണ് ബിസിസിഐ പ്രസിഡന്റായത്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ഹിമ കോലിയും ഉൾപ്പെടുന്ന ബെഞ്ചാണ് ബിസിസിഐ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നൽകിയത്.
ബിസിസിഐയിലോ അസോസിയേഷനുകളിലോ അതല്ലെങ്കിൽ രണ്ടിലുമായോ തുടർച്ചയായി രണ്ടുതവണ പൂർത്തിയാക്കിയവർ മൂന്നുവർഷം മാറിനിൽക്കണമെന്ന നിബന്ധന പ്രസിഡന്റിനും സെക്രട്ടറിക്കുംമാത്രമായി ഒഴിവാക്കുംവിധമായിരുന്നു ആദ്യ ഭേദഗതിനിർദേശം. എന്നാൽ, അമിക്കസ്ക്യൂറി മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് ഇതിനോട് വിയോജിച്ചു. രണ്ടുപദവികൾക്കുമാത്രമായുള്ള ഇളവ് നീതികരിക്കാനാകില്ലെന്നും ബിസിസിഐയിലെയും അസോസിയേഷനുകളിലെയും എല്ലാ ഭാരവാഹികൾക്കും ഒരേപോലെ ബാധകമാക്കണമെന്നും മനീന്ദർ സിങ് ആവശ്യപ്പെട്ടു. അമിക്കസ്ക്യൂറിയുടെ ഭേദഗതിനിർദേശത്തോട് സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയും യോജിച്ചു. തുടർന്ന് ഭേദഗതിനിർദേശം അംഗീകരിക്കുന്നതായി കോടതി അറിയിച്ചു.