ന്യൂഡൽഹി
ഇഡി കേസിൽ ജാമ്യാപേക്ഷ നേരത്തേ പരിഗണിക്കണമെന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ അപേക്ഷ ലഖ്നൗ ജില്ലാ കോടതി പരിഗണിച്ചില്ല. അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതിനാൽ വീണ്ടും മുന്നോട്ടാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് ഇഡി ചൊവ്വാഴ്ച കോടതിയിൽ എടുത്തത്. നേരത്തേ യുഎപിഎ കേസിൽ സുപ്രീംകോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി കേസ് നേരത്തേ പരിഗണിക്കണമെന്ന് കോടതിയിൽ അപേക്ഷിച്ചത്.
ഹാഥ്രസിലേക്ക് സിദ്ദിഖ് സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ മുഹമദ് ആലവും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആലത്തിന് യുഎപിഎ കേസിൽ ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചെങ്കിലും ഇഡി കേസിൽ ജാമ്യം കിട്ടാത്തതിനാൽ ജയിലിൽ തുടരുകയാണ്.