കോഴിക്കോട്
നാളികേര കർഷകർക്ക് പ്രഹരമായി സംസ്ഥാനത്ത് പച്ചത്തേങ്ങവില കുത്തനെയിടിഞ്ഞു. പൊതുവിപണിയിൽ കിലോയ്ക്ക് 24–-25 രൂപയാണ് വില. കൃഷിവകുപ്പ് കിലോഗ്രാമിന് 32 രൂപയ്ക്കാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. ഉൽപ്പാദനം ഗണ്യമായി വർധിച്ചതും ഇതരസംസ്ഥാനങ്ങളിൽ ആവശ്യക്കാർ കുറഞ്ഞതുമാണ് വിലയിടിവിന് കാരണം. പാം ഓയിലിന് കേന്ദ്രം നികുതി കുറച്ചതും ഇതിന്റെ കയറ്റുമതിക്ക് ഇന്തോനേഷ്യ ഏര്പ്പെടുത്തിയിരുന്ന നിരോധനം പിന്വലിച്ചതും വിലയിടിയാൻ കാരണമായി.
വിലയിടിവ് തടയാൻ കൃഷിവകുപ്പ് കൊപ്ര സംഭരണം തുടങ്ങിയിരുന്നു. നാളികേര ഉൽപ്പാദനം കുറഞ്ഞപ്പോൾ കൊപ്രയാക്കുന്നതിൽനിന്ന് കർഷകർ പിന്മാറി പച്ചത്തേങ്ങ തൂക്കിവിൽക്കാൻ തുടങ്ങി. ഇതോടെ കർഷകരെ സഹായിക്കാൻ ഒന്നരക്കോടി ചെലവിട്ട് കേരഫെഡും നാളികേര വികസനബോർഡും പച്ചത്തേങ്ങ സംഭരണം തുടങ്ങി. സഹകരണസംഘങ്ങൾ വഴി സംഭരിക്കാൻ സർക്കാർ നിർദേശവും നൽകി. എന്നിട്ടും വിലയിടിവ് തടയാനായില്ല.
ഉൽപ്പാദന വർധനവിനനുസരിച്ച് പച്ചത്തേങ്ങ സംഭരിക്കാൻ സാധിക്കാത്തതാണ് പുതിയ പ്രതിസന്ധി. നാളികേരം കൊപ്രയാക്കാൻ സഹകരണ സംഘങ്ങൾക്ക് സാധിക്കുന്നില്ല. ഡ്രയർ സംവിധാനം ഇല്ലെങ്കിൽ സഹകരണവകുപ്പിൽനിന്ന് അനുമതിവാങ്ങി ഇവ വാടകയ്ക്ക് ഏർപ്പാടാക്കാമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. സംഘങ്ങൾ തേങ്ങ കൊപ്രയാക്കി അളവ് നാഫെഡിന്റെ ഇ- സമൃദ്ധി പോർട്ടലിൽ രേഖപ്പെടുത്തണം. അക്കൗണ്ട് വഴി പണം ലഭിക്കും. 30 ശതമാനം കൊപ്ര കിട്ടുമെന്ന നിലയിലാണ് വില കണക്കാക്കുന്നത്. മൂന്നുശതമാനം കൂലിച്ചെലവായി സഹകരണസംഘങ്ങൾക്കും 27 ശതമാനം നാളികേരത്തിന്റെ വിലയായി കർഷകനും ലഭിക്കും. ഇത്തരത്തിൽ പച്ചത്തേങ്ങയ്ക്ക് 32 രൂപയാണ് കിലോയ്ക്ക് ലഭിക്കുക. എന്നാൽ ഇതിന് സഹകരണസംഘങ്ങളിൽനിന്ന് മികച്ച പ്രതികരണമല്ല ലഭിച്ചത്. ഇത് പച്ചത്തേങ്ങ സംഭരണത്തെയും ബാധിച്ചു.
തമിഴ്നാട്ടിലാണ് കൊപ്ര, വെളിച്ചെണ്ണ ഉൽപ്പാദനത്തിന്റെ നല്ലൊരു പങ്കും നടക്കുന്നത്. അവിടെ കൊപ്ര സംസ്കരണ ചെലവ് കുറവാണെന്നതാണ് കാരണം. ഉൽപ്പാദനം കൂടിയതോടെ അവിടെയും ആവശ്യം കുറഞ്ഞു. ഇതും വിപണിയെ ബാധിച്ചു.