ന്യൂഡൽഹി
ജ്ഞാൻവാപി പള്ളിക്കേസിൽ വാരാണസി ജില്ലാക്കോടതിയുടെ വിധി 1991ലെ ആരാധനാലയ നിയമത്തിന്റെ ലക്ഷ്യത്തിന് കടകവിരുദ്ധമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. പള്ളിക്കുള്ളിൽ പൂജ നടത്താൻ അവകാശം തേടിയുള്ള ഹർജി നിലനിൽക്കുമെന്നും ഇത് ആരാധനാലയ നിയമത്തിന് എതിരല്ലെന്നും വിധിച്ചിരിക്കുന്നു.
നീതിന്യായസംവിധാനത്തിലെ ചിലർ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും; എന്ത് തടയാനാണോ നിയമം കൊണ്ടുവന്നത് അത് സാധ്യമാകില്ല. ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിട്ട് ചരിത്രത്തെ വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്നതിൽ കേന്ദ്രഭരണകക്ഷി വ്യാപൃതരാണെന്നത് പരസ്യമായ കാര്യമാണ്.
ക്ഷേത്രങ്ങൾ നശിപ്പിച്ച് തൽസ്ഥാനത്ത് നിർമിച്ചതാണ് ഇന്നു കാണുന്ന മുസ്ലിം പള്ളികൾ എന്ന അവകാശവാദം ഉയർത്തി മതവികാരം ഇളക്കിവിടുകയും വർഗീയ അജൻഡയ്ക്കായി ഇത് ഉപയോഗിക്കുകയും ചെയ്യുന്നു.
പരമപ്രധാനമായ ദേശീയതാൽപ്പര്യം എന്ന നിലയിൽ സാമുദായികസൗഹാർദം കാത്തുസൂക്ഷിക്കാനും മഥുരയിലും വാരാണസിയിലും ഉണ്ടായതുപോലെ നിക്ഷിപ്തതാൽപ്പര്യത്തോടെയുള്ള ഹർജികളുടെ പ്രവാഹം തടയാനുമാണ് 1991ലെ ആരാധനാലയങ്ങൾ നിയമം.
ഈ നിയമത്തിന്റെ അന്തഃസത്തയും ലക്ഷ്യവും ഉൾക്കൊണ്ട് കർശനമായി ഇത് നടപ്പാക്കണമെന്ന് പിബി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.