കൊച്ചി> ഫോർട്ട് കൊച്ചിയിൽ കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനാഫലം വൈകും. ഉപയോഗിച്ചത് ഏതിനം തോക്ക്, വെടിയുണ്ട ഏതിനം, എത്ര ദൂരം പോകാവുന്നത്, പഴക്കമെത്ര തുടങ്ങിയ കാര്യങ്ങൾ അറിയാൻ ബാലിസ്റ്റിക് വിദഗ്ധർ ഐഎൻഎസ് ദ്രോണാചാര്യയിൽ പരിശോധന നടത്തിയിരുന്നു.
ഫോർട്ട് കൊച്ചി നാവിക പരിശീലനകേന്ദ്രത്തിലെ തോക്കുകൾ വിദഗ്ധർ പരിശോധിച്ചെങ്കിലും ഉപയോഗിച്ച തോക്ക് ഏതാണെന്ന് കണ്ടെത്താനായില്ല. രാജ്യ സുരക്ഷാപ്രശ്നം ഉള്ളതിനാൽ ആയുധങ്ങളുടെ വിവരം നൽകാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നാണ് നേവി നിലപാട്. നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ ഹാജരാക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. തോക്കുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ അയച്ച് ടെസ്റ്റ് ഫയറിങ് നടത്താനാണ് പൊലീസ് തീരുമാനം. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ് അഞ്ചു ദിവസം കഴിഞ്ഞിട്ടും വെടിവച്ചത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നാവികസേനയുടെ ഷൂട്ടിങ് റേഞ്ചിനുസമീപമുള്ള സ്ഥലമായതിനാൽ നേവിക്കാർതന്നെയാണ് വെടിവച്ചതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഐഎൻഎസ് ദ്രോണാചാര്യയുടെ പടിഞ്ഞാറുഭാഗത്ത് കരയിൽനിന്ന് ഒന്നരക്കിലോമീറ്റർ മാറിയാണ് സംഭവം നടന്നതെന്നാണ് തൊഴിലാളികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രണ്ടുതവണ ദ്രോണാചാര്യയിൽ പൊലീസ് തെളിവെടുപ്പ് നടത്തി. വെടിയുണ്ട തങ്ങളുടേതല്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് നാവികസേന. സംഭവം നടന്ന കടൽഭാഗത്ത് കോസ്റ്റൽ പൊലീസ് പരിശോധനയും നടത്തി. ഏഴിന് പകൽ പന്ത്രണ്ടിനാണ് അൽറഹ്മാൻ എന്ന വള്ളത്തിലെ തൊഴിലാളി ആലപ്പുഴ അന്ധകാരനഴി സ്വദേശി മണിച്ചിറയിൽ സെബാസ്റ്റ്യന്റെ (70) ചെവിക്ക് വെടിയേറ്റത്. വെടിയുണ്ട ബോട്ടിൽനിന്ന് കണ്ടെത്തിയിരുന്നു.