പുതുപ്പള്ളി> ‘വലിയ ശബ്ദത്തോടെ എന്തോ ഒന്ന് നെറ്റിയിൽ വന്നിടിച്ചു. മടിയിലേക്ക് നോക്കിയപ്പോൾ മുഴുവൻ രക്തം. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. വേദന പോലും അറിഞ്ഞില്ല’–- ട്രെയിൻ യാത്രയ്ക്കിടയിൽ കല്ലേറിൽ പരിക്കേറ്റ കീർത്തനയുടെ വാക്കുകളിൽ ഭയം വിട്ടകന്നിട്ടില്ല. അപ്രതീക്ഷിത അപകടത്തിന്റെ ഞെട്ടലിലാണ് മീനടം കുഴിയാത്ത് എസ് രാജേഷിന്റെയും രഞ്ജിനിയുടെയും ഇളയ മകൾ കീർത്തന. കുടുംബാംഗങ്ങൾക്കൊപ്പം മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് മലബാർ എക്സ്പ്രസിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ഞായർ വൈകിട്ട് അഞ്ചോടെ കണ്ണൂർ താഴെ ചൊവ്വയ്ക്കും എടക്കാടിനും ഇടയിലാണ് സംഭവം.
അമ്മ രഞ്ജിനിക്കൊപ്പം ജനാലയ്ക്ക് സമീപം പുറംകാഴ്ചകൾ കണ്ട് തിരിയുന്നതിനിടയിലാണ് കല്ലേറ് കൊണ്ടത്. അമ്മേ എന്ന് ഉറക്കെയുള്ള വിളി കേട്ട് നോക്കുമ്പോൾ തലയിൽ നിന്ന് രക്തം വാർന്ന് കരയുന്ന മകളെയാണ് കണ്ടതെന്ന് രഞ്ജിനി പറയുന്നു. ബഹളം കേട്ട് ടിടിഇയും റെയിൽവേ ജീവനക്കാരും ഓടിയെത്തി. യാത്രികരിൽ ഒരാൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ഒപ്പമുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിയാണ് പ്രാഥമിക ശുശ്രൂഷ നൽകിയത്. തുടർന്ന് തലശ്ശേരി മിഷൻ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂരിലെ പൊലീസും ഒപ്പമുണ്ടായിരുന്ന യാത്രക്കാരും വലിയ സഹായവും പിന്തുണയുമാണ് നൽകിയതെന്ന് രഞ്ജിനിയും രാജേഷും പറഞ്ഞു. കണ്ണൂർ എസ്പി മീനടത്തെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചു. പാമ്പാടി ബിഎംഎം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് കീർത്തന.