തിരുവനന്തപുരം> പ്രായപൂർത്തിയായ നായകളെ വന്ധ്യംകരിക്കുന്നതിനൊപ്പം നായക്കുഞ്ഞുങ്ങൾക്കും വാക്സിനേഷനും വന്ധ്യംകരണവും നടപ്പാക്കുമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ്. മൃഗസംരക്ഷണ മന്ത്രിയുമായി ആലോചിച്ച് പരിപാടി ആവിഷ്കരിക്കും. സംസ്ഥാനത്തെ എല്ലാ വളർത്തുനായകൾക്കും ഒക്ടോബർ മുപ്പതിനകം വാക്സിൻ നൽകി ലൈസൻസും ഉറപ്പാക്കും. ആവശ്യമെങ്കിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.
ലൈസൻസ് അപേക്ഷ ഐഎൽജിഎംഎസ് സിറ്റിസൺ പോർട്ടൽ മുഖേന ഓൺലൈനായി നൽകാൻ സംവിധാനമൊരുക്കും. അപേക്ഷിച്ച് ഏഴു ദിവസത്തിനകം ലൈസൻസ് ലഭ്യമാക്കും. തദ്ദേശ അഡീഷണൽ ചീഫ് സെക്രട്ടറിയും പഞ്ചായത്ത്, -നഗര ഡയറക്ടർമാരും മേൽനോട്ടം വഹിക്കും.
രണ്ടു ബ്ലോക്കിന് ഒന്നുവീതം അനിമൽ ബെർത്ത് കൺട്രോൾ (എബിസി) കേന്ദ്രങ്ങൾ ആരംഭിക്കുകയാണ്. പദ്ധതി നടപ്പാക്കാൻ വെറ്ററിനറി അവസാനവർഷ വിദ്യാർഥികളെയും പിജി വിദ്യാർഥികളെയും ഉപയോഗിക്കും. എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെയും സർവകക്ഷി പ്രതിനിധികളുടെയും യോഗം ചേരും. 15നും 20നും ഇടയിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഭരണസമിതി യോഗം ചേർന്ന് തെരുവുനായശല്യം നിയന്ത്രിക്കുന്നത് ചർച്ച ചെയ്യും. യോഗത്തിൽ പദ്ധതി ഭേദഗതിയും കർമപദ്ധതിയും സംബന്ധിച്ച് തീരുമാനമെടുക്കും. ദീർഘകാല നടപടികൾ ആവിഷ്കരിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും–- മന്ത്രി പറഞ്ഞു.