കൊല്ലം> ഒരാഴ്ച മുമ്പ് കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് തിങ്കളാഴ്ച കൊല്ലം ജില്ലാ കോടതി വളപ്പിൽ സംഘർഷം. അഭിഭാഷകർ പൊലീസ് ജീപ്പ് തകർത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎസ്ഐയെ മർദിച്ചു. അറുപത്തിയഞ്ചോളം അഭിഭാഷകർക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇന്ത്യൻ ശിക്ഷാനിയമവും പിഡിപിപി നിയമ പ്രകാരവുമാണ് കേസ്. അഭിഭാഷകനെ മർദിച്ചവർക്കെതിരെ നടപടിയെടുക്കും വരെ കോടതി ബഹിഷ്കരിക്കാൻ കൊല്ലം ബാർ അസോസിയേഷൻ യോഗം തീരുമാനിച്ചു.
മൺറോതുരുത്ത് സ്വദേശി അഡ്വ. പനമ്പിൽ ജയകുമാറിനെ (44) കഴിഞ്ഞ അഞ്ചിനു രാത്രി പൊലീസ് മർദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപം ജയകുമാർ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി തട്ടിയതിനെ തുടർന്ന് വാക്കുതർക്കമുണ്ടായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അഭിഭാഷകനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചെന്നാണ് പരാതി. മദ്യപിച്ച് അസഭ്യം പറഞ്ഞതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. അഭിഭാഷകൻ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെതിരെ തിരുവോണദിനത്തിൽ ബാർ അസോസിയേഷൻ ഭാരവാഹികൾ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. അവധി കഴിഞ്ഞ് കോടതി വീണ്ടും തുറന്ന തിങ്കളാഴ്ച കൊല്ലത്തും കരുനാഗപ്പള്ളിയിലും അഭിഭാഷകർ പ്രതിഷേധിക്കുകയായിരുന്നു.