മലപ്പുറം> മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ ഒളിയമ്പെയ്ത് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ജിദ്ദയിൽ കെഎംസിസി നിലമ്പൂർ മണ്ഡലം യോഗത്തിലായിരുന്നു വിവാദപ്രസംഗം. ‘ഡിപ്ലോമാറ്റിക് സൗഹൃദമെന്നത് മിണ്ടാതിരിക്കലും മൗനംകൊണ്ട് കീഴടങ്ങി കാര്യങ്ങൾ നേടുന്നതുമല്ല. ഏതെങ്കിലുമൊരു തുരങ്ക സൗഹൃദത്തിന്റെ പേരിൽ പാർടിയെ ബലി കൊടുക്കേണ്ടിവരുന്നത് ഒറ്റുകൊടുക്കലും കൂട്ടിക്കൊടുപ്പുമാണ്’ – ഷാജി പറഞ്ഞു.
ലീഗിൽ അടുത്തകാലത്തായി ഷാജി ഏതാണ്ട് ഒറ്റപ്പെട്ടനിലയിലാണ്. ഷാജിയെ പൊതുയോഗങ്ങളിൽനിന്ന് വിലക്കാനും ശ്രമമുണ്ട്. അടുത്തിടെ കോഴിക്കോട് നടന്ന എംഎസ്എഫ് റാലിയിൽ പ്രാസംഗികരുടെ പട്ടികയിൽ തഴഞ്ഞു. പിന്നീട് പി എം സാദിഖ് ഇടപെട്ടാണ് പ്രസംഗിപ്പിച്ചത്. ഈ പ്രസംഗം ഫെയ്സ്ബുക്കിൽനിന്ന് നീക്കി. ഷാജിയുടെ നിലപാടുകൾ ലീഗിന് ബാധ്യതയാകുന്നെന്ന വിമർശം നേതാക്കളിൽ പലർക്കുമുണ്ട്.
ഷാജിക്കെതിരായ വിജിലൻസ് അന്വേഷണത്തിലേക്ക് എത്തിച്ച കാര്യങ്ങൾ പുറത്തുവിട്ടത് പാർടിയിലുള്ളവർ തന്നെയാണെന്ന് അദ്ദേഹത്തിനൊപ്പം നിൽക്കുന്നവർ പറയുന്നു. ജിദ്ദയിലെ പ്രസംഗത്തിലൂടെ പി കെ കുഞ്ഞാലിക്കുട്ടിയെയാണ് ഷാജി പ്രധാനമായും ഉന്നംവയ്ക്കുന്നത്. ഇത് ലീഗിൽ മറ്റൊരു വിവാദമായി ഉയർന്നേക്കും.