തിരുവനന്തപുരം> ജനഹിതമറിഞ്ഞ് പ്രവർത്തിക്കുന്ന സർക്കാരും അതിനോട് ക്രിയാത്മകമായി പ്രതികരിക്കുന്ന പ്രതിപക്ഷവുമാണ് കേരളത്തിലുള്ളതെന്നും അത് മറ്റൊരു കേരള മോഡലാണെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടശേഷം നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാരിനും പ്രതിപക്ഷത്തിനും സഭാ ചട്ടങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിധേയമായി എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകും. കാലത്തിനുമുമ്പേ സഞ്ചരിച്ച നിയമനിർമാണസഭയാണ് കേരളത്തിലേത്. മഹത്തായതും അത്യപൂർവങ്ങളുമായ ഒട്ടേറെ സംഭവങ്ങൾകൊണ്ട് സമ്പന്നമായ ചരിത്രമാണ് സഭയ്ക്കുള്ളത്. രാജ്യത്തെ നിയമനിർമാണസഭകൾക്ക് പാർലമെന്ററി ജനാധിപത്യ ഭരണസംവിധാനം വിഭാവനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കാനാകുന്നില്ലെന്ന ആക്ഷേപം പരക്കെയുള്ള കാലമാണിത്.
നിയമസഭകളുടെയും സംസ്ഥാന സർക്കാരുകളുടെയും ഭരണഘടനാപരമായ പ്രവർത്തനങ്ങൾ പോലും വെല്ലുവിളി നേരിടുന്നു. പല സംസ്ഥാന നിയമസഭകളുടെയും പ്രവർത്തനം ശരാശരിക്കും താഴെയായി തുടരുന്നു. സഭാ ചട്ടങ്ങളും പ്രവർത്തനരീതിയും സമഗ്രമായി പരിഷ്കരിക്കാനുള്ള സമിതി പ്രവർത്തനം അവസാന ഘട്ടത്തിലാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഭ കൂടുതൽ സജീവമാക്കാൻ തീരുമാനമെടുക്കും. ഭാവനാസമ്പന്നമായ പരിപാടികൾക്ക് തുടർന്നും എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും സ്പീക്കർ പറഞ്ഞു.