തിരുവനന്തപുരം> രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു മടങ്ങിയ കോൺഗ്രസുകാർ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ചു. കാട്ടായിക്കോണം (എ) ബ്രാഞ്ച് സെക്രട്ടറി ഷാജിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴക്കൂട്ടം അൽസാജ് കൺവൻഷൻ സെന്ററിലെ ഭാരത് ജോഡോ യോഗത്തിൽ കോൺഗ്രസ് നേതാക്കൾ എൽഡിഎഫ് സർക്കാരിനെയും സിപിഐ എമ്മിനെതിരെയും പ്രകോപനമുണ്ടാക്കുംവിധം സംസാരിച്ചിരുന്നു.
ഇവിടെനിന്ന് മടങ്ങിയവരാണ് ഷാജിയെ ആക്രമിച്ചത്. ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് മടങ്ങിയ പൂലന്തറയുള്ള കോൺഗ്രസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിൽ. ഗുരുതരമായി പരിക്കേറ്റ ഷാജിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ രാത്രി ഒമ്പതരയോടെ കാട്ടായിക്കോണം ഒരുവാമൂലയിൽവച്ചായിരുന്നു കരുതിക്കൂട്ടിയുള്ള ആക്രമണം.
കോൺഗ്രസ് നേതാവ് ദാസിന്റെ നേതൃത്വത്തിൽ കാറിൽ എത്തിയ സംഘം ബിയർ കുപ്പി കൊണ്ട് ഷാജിയുടെ തലയടിച്ചുപൊട്ടിക്കുകയായിരുന്നു. അതിനുമുമ്പ് ഒരുവാമൂലയിൽവച്ച് ബൈക്കിൽ വരികയായിരുന്ന ഷാജിക്ക് നേരെ കാർ കയറ്റാനും ശ്രമിച്ചു. തെന്നിമാറിയാണ് രക്ഷപ്പെട്ടത്. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് പിന്മാറിയസംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. പോത്തൻകോട് പൊലീസ് അന്വേഷണമാരംഭിച്ചു.