നെയ്യാറ്റിൻകര> ഭാരത് ജോഡോ യാത്രയ്ക്കിടെ സ്വാതന്ത്ര്യസമര സേനാനികളുടെ പേരിൽ പണം പിരിച്ച് കോൺഗ്രസ് നേതാക്കൾ. ഗാന്ധിയന്മാരായ കെ ഇ മാമന്റെയും പി ഗോപിനാഥൻനായരുടെയും സ്മാരക അനാച്ഛാദനത്തിന്റെ പേരിലാണ് നെയ്യാറ്റിൻകരയിൽ കോൺഗ്രസുകാർ വ്യാപകമായി പിരിവെടുത്തത്.
ഇരുവരും ചികിത്സയിൽ കഴിഞ്ഞിരുന്ന നിംസ് മെഡിസിറ്റിയിലാണ് സ്മൃതിമണ്ഡപം നിർമിച്ചത്. ഇത് ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എത്തുമെന്ന് പ്രചരിപ്പിച്ചാണ് കോൺഗ്രസ് നേതാക്കൾ പലരിൽനിന്നും പണം വാങ്ങിയത്. രണ്ട് ലക്ഷം രൂപവരെ വാങ്ങിയവരുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധിയുടെ അറിവില്ലാതെയാണ് നേതാക്കൾ ഈ പരിപാടി ആസൂത്രണം ചെയ്തത്.
ഗാന്ധിയന്മാരുടെ ബന്ധുക്കളടക്കം കാത്തുനിന്നെങ്കിലും രാഹുൽ എത്താതിരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. സ്വകാര്യ ആശുപത്രിയിലെ പരിപാടിയിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ രാഹുലിനെ അറിയിച്ചതായും വിവരമുണ്ട്. ജില്ലയിലെ പ്രധാന നേതാക്കൾതന്നെ പണം വാങ്ങിയ സാഹചര്യത്തിലാണ് നേതാക്കൾ രാഹുലിനെ വിലക്കിയത്.