കീവ്
റഷ്യന്‍ സേന ആധിപത്യം ഉറപ്പിച്ചിരുന്ന വടക്കുകിഴക്കന്‍ മേഖലയിലെ നഗരങ്ങള്‍ തിരിച്ചുപിടിച്ച് ഉക്രയ്ന്. ഖര്‍കീവ് പ്രവിശ്യയിലെ ഇസിയം, ബാലാകിലിയ എന്നിവിടങ്ങള്‍ ഉക്രയ്ന് സൈന്യം വളഞ്ഞതോടെ റഷ്യ തങ്ങളുടെ സൈന്യത്തെ പ്രദേശത്തുനിന്ന് പിന്‍വലിച്ചു. ഇസിയത്തിലുട്ണായിരുന്ന യുദ്ധോപകരണങ്ങള്‍ ഉപേക്ഷിച്ചാണ് റഷ്യൻ സൈന്യം മടങ്ങിയത്. തിരിച്ചുപിടിച്ച മറ്റൊരു നഗരമായ സ്കൗള്‍സ്കിയില്‍ ഉക്രയ്ന് സൈനികര്‍ പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യം പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി പങ്കുവച്ചു.
ഏകദേശം 3000 ചതുശ്രയടി ഉക്രയ്ന് ഭൂമി റഷ്യയില്‍നിന്ന് മോചിപ്പിച്ചെന്നും റഷ്യന്‍ അതിര്‍ത്തിയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ സേന നിലയുറപ്പിച്ചിട്ടുണ്ടെന്നും ഉക്രയ്ന് സൈനികമേധാവി ജനറല്‍ വലേരി സലുഷ്നി അറിയിച്ചു. സൈന്യത്തോട് താൽക്കാലികമായി പിന്മാറാന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഡൊണ്‍സ്റ്റ്ക് മേഖലയിലെ സൈനികശക്തി ശക്തമാക്കാനാണ് ഇങ്ങനെ ചെയ്തതെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമം നടക്കാത്തതിനു പിന്നാലെ റഷ്യക്കേറ്റ തിരിച്ചടിയാണ് ഇതും. എന്നാല്‍, കുപ്പിയാൻസ്ക് പിടിച്ചെടുത്തതായി അറിയിച്ച ഉക്രയ്ന് ഇസിയം തിരിച്ചുപിടിച്ചതായി ഔദ്യോഗികമായി അവകാശപ്പെട്ടിട്ടില്ല.