ദുബായ്
ഏഷ്യാ കപ്പ് ട്വന്റി–-20 ക്രിക്കറ്റ് ഫൈനലിൽ ഇന്ന് പാകിസ്ഥാൻ ശ്രീലങ്കയെ നേരിടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. സൂപ്പർ ഫോറിൽ മൂന്നു കളിയും ജയിച്ച് ഒന്നാമതായാണ് ദാസുൺ ഷനകയുടെ ലങ്ക എത്തുന്നത്. ബാബർ അസമിനുകീഴിൽ രണ്ടിൽ ജയിച്ചു പാകിസ്ഥാൻ. ഇരുടീമും നേർക്കുനേർ വന്നപ്പോൾ ശ്രീലങ്ക അഞ്ച് വിക്കറ്റിന് ജയിച്ചു.
ടൂർണമെന്റിൽ ഇരുടീമിനും മോശം തുടക്കമായിരുന്നു. ലങ്ക അഫ്ഗാനിസ്ഥാനോട് തകർന്നു. പാകിസ്ഥാനാകട്ടെ ഇന്ത്യയോട് തോറ്റു. പക്ഷേ, പിന്നീട് കുതിച്ചു. ലങ്കയായിരുന്നു കരുത്തർ. ബാറ്റിലും പന്തിലും ഫീൽഡിങ്ങിലും അവർ കൂട്ടായ് പ്രയത്നിച്ചപ്പോൾ ജയം വന്നു. സമ്മർദഘട്ടങ്ങളിൽ യുവനിര നന്നായി കളിച്ചു.
ഷനകയും പതും നിസങ്കയും ഭാനുക രജപക്സെയുമാണ് ബാറ്റിങ്ങിൽ പ്രധാനികൾ. വണിന്ദു ഹസരങ്കയും മഹീഷ് തീക്ഷണയും നയിക്കുന്ന സ്പിൻനിര ബൗളിങ്ങിൽ മുതൽക്കൂട്ടാണ്.
പാകിസ്ഥാനാകട്ടെ ഇത്തവണ ബൗളർമാരുടെ മികവിലാണ് കുതിച്ചത്. നസീം ഷായും മുഹമ്മദ് ഹസ്നെയുമാണ് മുഖ്യപേസർമാർ. ഇരുവരുടെയും മിന്നുംപന്തുകൾ ബാറ്റർമാരെ വിറപ്പിക്കും. ഷദാബ് ഖാനും മുഹമ്മദ് നവാസും ചേർന്ന സ്പിൻ ആക്രമണവും കരുത്തുറ്റതാണ്. ബാബറിനെ കൂടാതെ മുഹമ്മദ് റിസ്വാനാണ് ബാറ്റിങ് നിരയിലെ പ്രതീക്ഷ. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്കാണ് ദുബായിൽ മുൻത്തൂക്കം.