തിരുവനന്തപുരം
ഐസിആർടി ഇന്ത്യ സബ്കോണ്ടിനന്റ് അവാർഡിൽ മിന്നുംപ്രകടനവുമായി കേരളം. നാല് സ്വർണമെഡലാണ് കേരളം നേടിയത്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കൽ, ജലസംരക്ഷണം (വാട്ടർ സ്ട്രീറ്റ് പ്രോജക്ട്, – സ്ട്രീറ്റ് പ്രോജക്ട്), ടൂറിസം മേഖലയിലെ വൈവിധ്യവൽക്കരണം, കോവിഡിനു ശേഷമുള്ള തിരിച്ചുവരവ് എന്നിവയാണ് നേട്ടം കൊയ്തത്. ഈവിഭാഗങ്ങളിൽ വേൾഡ് ട്രാവൽ മാർക്കറ്റ് പുരസ്കാരത്തിന് മത്സരിക്കാനുള്ള അർഹതയും നേടി. മധ്യപ്രദേശ് സർക്കാരും ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസവും (ഐസിആർടി) ചേർന്നാണ് അവാർഡ് ഏർപ്പെടുത്തിയത്. ഈമേഖലയിൽ കേരളം തുടർച്ചയായ 15––ാം വർഷവും മികച്ച ഇടപെടലാണ് നടത്തുന്നതെന്ന് ഡോ. ഹാരോൾഡ് ഗുഡ്വിന്റെ നേതൃത്വത്തിലുള്ള ജൂറി വിലയിരുത്തി. കേരളത്തിൽനിന്ന് കേരള വോയജസ്, ലെറ്റ്സ് ഗോ ഫോർ എ ക്യാമ്പ് , വീർ നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സംരംഭങ്ങളും പുരസ്കാരങ്ങൾ നേടി.
ഭോപാൽ മിൻറോ ഹാളിലെ ചടങ്ങിൽ മധ്യപ്രദേശ് ടൂറിസം മന്ത്രി ഉഷാ ഠാക്കൂറിൽനിന്ന് ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോ-–-ഓർഡിനേറ്റർ കെ രൂപേഷ് കുമാർ മെഡൽ ഏറ്റുവാങ്ങി.
ജനകീയ ടൂറിസം നയത്തിന് അംഗീകാരം: മന്ത്രി റിയാസ്
കേരളത്തിലെ വിനോദസഞ്ചാര പ്രക്രിയയെ ജനകീയമാക്കാനുള്ള പരിശ്രമത്തിനു ലഭിച്ച അംഗീകാരമാണ് ഇതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ പ്രവർത്തനം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.