ന്യൂയോർക്ക്
യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടത്തിനായി യുവതുർക്കികൾ. പത്തൊമ്പതുകാരൻ കാർലോസ് അൽകാറസും ഇരുപത്തിമൂന്നുകാരൻ കാസ്പർ റൂഡും ഫൈനലിൽ ഏറ്റുമുട്ടും. നാളെ പുലർച്ചെ 1.30നാണ് കിരീടപ്പോരാട്ടം.
ആരു ജയിച്ചാലും ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണ്. ലോകറാങ്കിങ്ങിൽ ഒന്നാംസ്ഥാനക്കാരനുമാകും. സ്പാനിഷ് കൗമാരക്കാരൻ അൽകാറസിന് ഇത് ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലാണ്. ആവേശകരമായ സെമിയിൽ അമേരിക്കക്കാരൻ ഫ്രാൻസിസ് തിയാഫോയെ വീഴ്ത്തി. സ്കോർ: 6–-7, 6–-3, 6–-1, 7–-6, 6–-3.
അഞ്ച് സെറ്റ് വരെ നീണ്ട ത്രസിപ്പിച്ച പോരിലാണ് അൽകാറസ് ജയം പിടിച്ചത്. ഒപ്പത്തിനൊപ്പാമായിരുന്നു ഇരുവരും. ആർതർ ആഷെ സ്റ്റേഡിയത്തിൽ നാല് മണിക്കൂറും 19 മിനിറ്റും നീണ്ടു പോരാട്ടം. റാഫേൽ നദാലിനുശേഷം ഗ്രാൻഡ്സ്ലാം നേടുന്ന പ്രായം കുറഞ്ഞ താരമാകാനുള്ള തയ്യാറെടുപ്പിലാണ് അൽകാറസ്. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ റാഫേൽ നദാലിനോട് തോറ്റിരുന്നു റൂഡ്. സെമിയിൽ റഷ്യയുടെ കാരൻ ഖചനോവിനെ മറികടന്നു (7–-6, 6–-2, 5–-7, 6–-2). നോർവേക്കാരന്റെ രണ്ടാം ഗ്രാൻഡ് സ്ലാം ഫൈനലാണ്.