ന്യൂഡൽഹി
ആസൂത്രണമില്ലായ്മയും ആശയക്കുഴപ്പവുംകൊണ്ട് വിവാദമായ പ്രഥമ ദേശീയ ബിരുദ പൊതുപ്രവേശന പരീക്ഷയുടെ (സിയുഇടി) ഫലം 15നു പ്രസിദ്ധീകരിക്കും. ചിലപ്പോൾ 13നു തന്നെ ഫലം പ്രസിദ്ധീകരിച്ചേക്കുമെന്ന് യുജിസി ചെയർമാൻ ജഗദേഷ് കുമാർ അറിയിച്ചു. 14,90,000 വിദ്യാർഥികളാണ് പരീക്ഷയുടെ ഭാഗമായത്. സെർവർ തകരാറടക്കമുള്ള സാങ്കേതിക പ്രശ്നങ്ങൾമൂലം എഴുതാനാകാത്തവർക്കുള്ള പുനഃപരീക്ഷ ഞായറാഴ്ച നടത്തുമെന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി വിദ്യാർഥികളെ അറിയിച്ചു.
ജൂലൈ 15നു തുടങ്ങിയ പരീക്ഷയിൽ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽനിന്ന് പരീക്ഷയെഴുതാനാകാതെ മടങ്ങേണ്ടിവന്നിരുന്നു.
ഉത്തരസൂചികയുമായി ബന്ധപ്പട്ട് പരാതി അറിയിക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. ബിരുദ പ്രവേശന നടപടികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഡൽഹി സർവകലാശാല അറിയിച്ചിട്ടുണ്ട്. പൊതുപ്രവേശന പരീക്ഷയുടെ മാർക്ക് മാത്രമാകും മാനദണ്ഡം. കേന്ദ്ര സർവകലാശാലകളടക്കം രാജ്യത്തെ 73 സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനം സിയുഇടി ഫലത്തെ ആശ്രയിച്ചാണ്.