തിരുവനന്തപുരം
എഐസിസി അംഗീകരിച്ചിട്ടും കെപിസിസി അംഗങ്ങളുടെ പട്ടിക പ്രഖ്യാപിക്കാതെ സംസ്ഥാന കോൺഗ്രസ് നേതൃത്വം. പട്ടിക പുറത്തുവന്നാൽ തമ്മിലടിയും തർക്കവും ഉറപ്പാണ്. ഇത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ശോഭ കെടുത്തുമെന്നതിനാലാണ് പട്ടിക പ്രഖ്യാപിക്കാൻ നേതൃത്വം ഭയക്കുന്നത്.
ഓരോ നിയോജകമണ്ഡലത്തിൽനിന്നും രണ്ടുപേർവീതമാണ് പട്ടികയിലുള്ളത്. കണ്ണൂരിൽനിന്ന് അധികമുള്ള രണ്ടുപേരടക്കം 282 പേരുടെ പട്ടികയ്ക്കാണ് എഐസിസി അംഗീകാരം നൽകിയത്. നേരത്തേ കെപിസിസിയിൽ പിടിമുറുക്കാനും മുൻതൂക്കമുറപ്പിക്കാനും കഴിയുന്ന രീതിയിലുള്ള പട്ടികയാണ് കെ സുധാകരന്റെ നേതൃത്വത്തിൽ തയ്യാറാക്കിയത്. എഐസിസിക്ക് ആദ്യം അയച്ച പട്ടിക കെ സി വേണുഗോപാൽ ഇടപെട്ട് മടക്കിയയച്ചു. എഐസിസി പട്ടികയിൽ തന്നെ പിന്തുണയ്ക്കുന്നവർക്ക് മുൻതൂക്കം വേണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടതും ഇവരാണ്. പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ അനുവദിക്കാമെന്ന ധാരണയിലെത്തിയതോടെ സുധാകരനും അയഞ്ഞു. അതോടെ വേണുഗോപാലിനെ പിന്തുണയ്ക്കുന്നവർക്ക് മുൻതൂക്കമുള്ള പട്ടിക തയ്യാറായി. ഈ പട്ടികയ്ക്കാണ് ഇപ്പോൾ എഐസിസി അംഗീകാരം നൽകിയത്. 75 പേരാണ് പുതുമുഖങ്ങളായി പട്ടികയിലുള്ളത്. ഇത് ആരെല്ലാമെന്ന് ഇനിയും വ്യക്തമാക്കാൻ നേതൃത്വം തയ്യാറായി ട്ടില്ല.
അംഗങ്ങളുടെ പട്ടിക എല്ലാ പിസിസി ഓഫീസുകളിലും ലഭിക്കുമെന്നും ആരും ഇതുവരെ സമീപിച്ചിട്ടില്ല എന്നുമാണ് സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പട്ടിക പുറത്തുവരുന്നതോടെ കോൺഗ്രസിനുള്ളിൽ പുകയുന്ന തർക്കം മറനീക്കി പുറത്തുവരുമെന്നുറപ്പായി.