തിരുവനന്തപുരം
സംരക്ഷിത വനമേഖലയ്ക്കുചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി നിർണയിച്ച സുപ്രീംകോടതി വിധിയിൽ പുനഃപരിശോധനാ ഹർജിക്ക് കേന്ദ്ര സർക്കാർ നിർബന്ധിതമായത് കേരള സർക്കാരിന്റെ ഇടപെടലിൽ. കർഷകരെയും മറ്റും സംരക്ഷിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ നടപടി കേന്ദ്രത്തിനും അംഗീകരിക്കേണ്ടിവന്നു. സുപ്രീംകോടതി വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച ആദ്യ സംസ്ഥാനം കേരളമാണ്. ജൂൺ മൂന്നിന് വിധി വന്നു. ആഗസ്ത് 17ന് പുനഃപരിശോധനാ ഹർജി സമർപ്പിച്ചു.
2019 ഒക്ടോബർ 31ലെ ഉത്തരവിനു പിന്നാലെ മനുഷ്യവാസമേഖലയെ പൂർണമായും ഒഴിവാക്കാൻ ‘പൂജ്യംമുതൽ’ പരിസ്ഥിതിലോല മേഖലയായി പ്രത്യേകം വ്യവസ്ഥ ചെയ്തു. ജനസാന്ദ്രത കൂടിയ മേഖലകളെയും സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളെയും പൂർണമായും ഒഴിവാക്കാൻ 2020 സെപ്തംബർ 28ന് വനംമന്ത്രി പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചു. ജനവാസമേഖലയെ പൂർണമായും ഒഴിവാക്കിയാകണം അന്തിമ വിജ്ഞാപനമെന്ന ആവശ്യവും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രലായംമുമ്പാകെ വച്ചു.
രാജസ്ഥാൻ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട കേസിലാണ് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിശ്ചയിച്ച സുപ്രീംകോടതി വിധി. ഇത് രാജ്യത്തിനാകെ ബാധകമാണ്. എന്നാൽ, ആരെയും കാത്തുനിൽക്കാതെ കേരള സർക്കാർ പുനഃപരിശോധനാ ഹർജി നൽകുകയായിരുന്നു. വനവിസ്തൃതിയും ജനസാന്ദ്രതയും ചൂണ്ടിക്കാട്ടി, ജനവാസമേഖല പൂർണമായും ഒഴിവായി കിട്ടണമെന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.
വിവരശേഖരണം ആദ്യം
പൂർത്തിയാക്കിയതും കേരളം
സുപ്രീംകോടതി നിർദേശപ്രകാരം സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള വസ്തുവകകളുടെ വിവരശേഖരണം പൂർത്തിയാക്കിയതും കേരളംമാത്രം. സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്ററിലെ നിർമാണങ്ങളുടെയും കെട്ടിടങ്ങളുടെയും വിവരം മൂന്നു മാസത്തിനുള്ളിൽ സമർപ്പിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. ഏതെങ്കിലും സർക്കാർ ഏജൻസിവഴിയോ സാറ്റ്ലൈറ്റ് ഇമേജിങ് വഴിയോ ഡ്രോൺ ഉപയോഗിച്ചോ ഫോട്ടോഗ്രഫിവഴിയോ കണക്ക് തയ്യാറാക്കാമെന്നും നിർദേശിച്ചു.
കേരളം സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിനെ (കെഎസ്ആർഇസി) ചുമതലപ്പെടുത്തി. ആഗസ്ത് 23ന് റിപ്പോർട്ട് തയ്യാറായി. ഇത് വിവിധ വകുപ്പുകളുടെ വിവരങ്ങളുമായി ഒത്തുനോക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. കെഎസ്ആർഇസി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചാൽ പിന്നീട് കൂട്ടിച്ചേർക്കൽ പ്രയാസമാകുമെന്നതിനാലാണ് വിദഗ്ധ സമിതി പരിശോധനകൂടി ഉറപ്പാക്കിയത്.
വനംമേഖലയ്ക്കു പുറത്ത് പൂജ്യംമുതൽ ഒരു കിലോമീറ്റർ ചുറ്റളവിൽ 1977നു മുമ്പ് താമസം തുടങ്ങിയവർക്ക് സംസ്ഥാന സർക്കാർ നൽകിയ പട്ടയം സുപ്രീംകാടതി അംഗീകരിച്ചതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവരുടെയും താൽപ്പര്യം സംരക്ഷിക്കണമെന്നതായിരിക്കും പുനഃപരിശോധനാ ഹർജിയിൽ കേരളത്തിന്റെ വാദം.