കണ്ണൂർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന് കേരളത്തിൽ നേതൃത്വം നൽകുന്നത് സിപിഐ എമ്മായിരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫിന് ലഭിക്കുന്ന ഒരോ സീറ്റും മോദി ഭരണത്തിനെതിരായ വിധിയെഴുത്താകും. വരുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നല്ല വിജയംനേടും. കണ്ണൂർ പ്രസ് ക്ലബ് മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ എൽഡിഎഫ് നേടുന്ന സീറ്റ് വലിയ കരുത്താകും. ഭരണഘടനപോലും സംരക്ഷിക്കാനാകാത്ത അവസ്ഥയാണ്. ഭരണ സംവിധാനങ്ങളെ വർഗീയത ഗ്രസിച്ചു. ഭരണഘടനാ സ്ഥാപനങ്ങളിൽ ആർഎസ്എസ് പിടിമുറുക്കി. ആർഎസ്എസിന്റെ നൂറാംവാർഷികത്തിൽ ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ്. ബിജെപിയെ എതിർക്കുന്നവരെല്ലാം ഒന്നിച്ചുനിൽക്കണം. എൽഡിഎഫ് അടിത്തറ വിപുലീകരിക്കുകയെന്നാൽ മറുപക്ഷത്തെ കക്ഷികളെ കൊണ്ടുവരികയെന്നല്ല. ജനപിന്തുണ വർധിപ്പിക്കുകയാണ്. യുഡിഎഫിലെ ഘടകകക്ഷികളെ കൂട്ടിക്കൊണ്ടുവരില്ല. ആ പാർടികളിൽ പ്രവർത്തിക്കുന്നവരെക്കൂടി എൽഡിഎഫിന്റെ ഭാഗമാക്കും.
വിഴിഞ്ഞം പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമം. ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. സർക്കാർ സംഘർഷം ആഗ്രഹിക്കുന്നില്ല. എന്നാൽ, ആവിക്കരയിലെ സമരം വ്യത്യസ്തമാണ്. അതിനുപിന്നിൽ തീവ്രവാദ ശക്തികളുണ്ട്. സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. കേരള മോഡലെന്നത് അർഥവത്താക്കും. മുതലാളിത്ത സമൂഹത്തിൽ ബദൽ വികസന മാതൃക കൈകാര്യം ചെയ്യുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ എൻ ചന്ദ്രനും പങ്കെടുത്തു.