കൂത്താട്ടുകുളം
ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിൽ നടക്കുന്ന ഹിമാലയൻ ബൈക്ക് റാലിയിൽ രണ്ടാംസ്ഥാനം നേടി അരുൺ ജോയി. ഒലിയപ്പുറം മാളിയേക്കൽ ജോയിയുടെയും വത്സയുടെയും മകനായ അരുൺ എന്ന ഷാൻ 2018 മുതൽ നാഷണൽ ചാമ്പ്യൻഷിപ്പുകളിലെ സ്ഥിരം ജേതാവാണ്. ഹിമാലയൻ റാലിയിൽ ഗ്രൂപ്പ് സി മോഡിഫൈഡ് ബൈക്ക് വിഭാഗത്തിലാണ് ഈ മുപ്പത്താറുകാരൻ മത്സരിച്ചത്.
മണാലിയിൽനിന്ന് ആരംഭിച്ച റാലി 13,000 അടി ഉയരമുള്ള റോഹ്താങ് പാസ് വഴി 16,000 അടിയുള്ള ഷിങ്കുല പാസിൽ സമാപിച്ചു. നാലു ദിവസംകൊണ്ടാണ് മത്സരം പൂർത്തിയാക്കിയത്. 54 മത്സരാർഥികൾ മാറ്റുരച്ചു. ദേശീയതലത്തിൽ 2018ലെ കോയമ്പത്തൂർ റാലിയിൽ നാലാംസ്ഥാനത്തെത്തിയതാണ് ആദ്യനേട്ടം. ആ വർഷം മംഗളൂരു റാലിയിൽ ഒന്നാംസ്ഥാനം നേടി. ബൈക്ക് റൈഡ് തൊഴിലായി സ്വീകരിച്ച അരുൺ ഈ വർഷം നടന്ന ചിക്കമംഗളൂരു, ബംഗളൂരു, കോയമ്പത്തൂർ റാലികളിലും രണ്ടാമതെത്തിയിരുന്നു. ഭാര്യ: കീർത്തി. മക്കൾ: ദക്ഷ, ആരവ്.