കൊച്ചി
‘എലിസബത്ത് രാജ്ഞിക്ക് ഞാൻ സമ്മാനിച്ച പൂവ്, അവർ കൈനീട്ടി വാങ്ങിയെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാറില്ല. ഫോട്ടോയെടുക്കാൻ സാധിച്ചില്ലെങ്കിലും ഓർമകളിൽ ആ ദിനം ഇന്നും അത്രമേൽ വിലപ്പെട്ടതാണെനിക്ക്’ –ഫോർട്ട് കൊച്ചി വെളി മിനി കോളനിയിൽ -രാജ്ഞി എത്തിയപ്പോൾ പ്രോട്ടോകോൾ തെറ്റിച്ച് പൂനൽകിയ മേരി ഷിബിയുടേതാണ് വാക്കുകൾ. ആ സംഭവത്തിന് കാൽനൂറ്റാണ്ടാകാൻ ഒരു മാസംമാത്രം അവശേഷിക്കെയാണ് രാജ്ഞിയുടെ വിയോഗം.
മേരി ഷിബിക്ക് അന്ന് ഏഴു വയസ്സ്. രാജ്ഞി നടന്നുവരുന്നത് കണ്ടപ്പോൾ തൊടിയിൽ വിരിഞ്ഞ ചുവന്ന റോസാപൂ കൈയിൽ കരുതി. ഒന്നും വച്ചുനീട്ടരുതെന്ന കർശന നിബന്ധനയുണ്ടായിട്ടും ഷിബി അറിയാതെ പൂ നീട്ടിപ്പോയി. അത് കണ്ട രാജ്ഞി സംരക്ഷണവലയത്തിന് പുറത്തുകടന്ന് ഷിബിയിൽനിന്ന് പൂ വാങ്ങി. സന്ദർശനം തീരുംവരെ അത് സൂക്ഷിച്ചു. എറണാകുളത്ത് സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന ഷിബി, ഭർത്താവ് സുനിൽ സൈമണും മക്കൾക്കുമൊപ്പം ഇപ്പോൾ നസ്രത്തിനടുത്ത് കല്ലുകുളത്താണ് താമസം.
കോളനിയിലെ പോളേപറമ്പിൽ ജോസഫ് പ്രകാശന്റെ വീട്ടിലും രാജ്ഞി കയറി. മീനുകൾ ഉണക്കുന്നതിനെ കുറിച്ചും പാക്ക് ചെയ്യുന്നതിനെക്കുറിച്ചും ചോദിച്ചറിഞ്ഞു. നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിപ്രകാരം കോളനി വികസനത്തിന് ബ്രിട്ടീഷ് സർക്കാർ 65 കോടി രൂപ അനുവദിച്ചിരുന്നു. കൊച്ചി കോർപറേഷൻ കൗൺസിലർ കെ ജെ സോഹന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിക്ക് രാജ്ഞി സ്ഥാപിച്ച ശിലാഫലകം ഇന്നും കോളനിയിലുണ്ട്.
രാജ്ഞിയുടെ ഓർമയിൽ മട്ടാഞ്ചേരി…
1997 ഒക്ടോബർ 17ന് കൊച്ചിയിലെത്തിയ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത് മുഖ്യമന്ത്രി ഇ കെ നായനാരും ഭാര്യ ശാരദയും ഉൾപ്പെടെ ഒമ്പതുപേർക്ക്. എന്നാൽ നായനാർ കൂടിക്കാഴ്ചയ്ക്ക് പോയില്ല. ആറുമണിക്കൂറാണ് സന്ദർശനത്തിന് മാറ്റിവച്ചത്. ദ്രുതകർമസേനയും കേരള ആംഡ് പൊലീസും സുരക്ഷയൊരുക്കി. കർശന സുരക്ഷയുള്ളതിനാൽ രാജ്ഞി നഗരത്തിലെത്തുന്നതിന് രണ്ട് മണിക്കൂർമുമ്പുതന്നെ ആളുകൾ കൂട്ടംകൂടുന്നതിന് വൻ നിയന്ത്രണങ്ങളായിരുന്നു. മട്ടാഞ്ചേരിയിലെ സിനഗോഗും സെന്റ് ഫ്രാൻസിസ് പള്ളിയിലെ വാസ്ഗോഡ ഗാമയുടെ ശവകുടീരവും സന്ദർശിച്ചു.
ഭർത്താവ് ഫിലിപ്പും ഒപ്പമുണ്ടായിരുന്നു. താജ് മലബാർ ഹോട്ടലിൽ ഗവർണർ സുഖ്ദേവ് സിങ് കാങ് ഒരുക്കിയ വിരുന്നിൽ പങ്കെടുത്തശേഷം കേരളീയ പരമ്പര്യം വിളിച്ചോതുന്ന മോഹിനിയാട്ടവും അവർ ആസ്വദിച്ചു. സിനഗോഗിൽ വാർഡൻ സാമി ഹാലെഗ്വയും ഭാര്യ ക്വീനി ഹാലെഗ്വയും ചേർന്നാണ് രാജ്ഞിയെ സ്വീകരിച്ചത്.
ഇന്ത്യ പെപ്പർ ആൻഡ് സ്പൈസസ് ട്രേഡ് അസോസിയേഷൻ രാജ്ഞി സന്ദർശിച്ചു.